റെയിൽവേ ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവതിയേയും യുവാവിനേയും കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പൊലീസും ആര്‍ പി എഫുമാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പാറശാലയ്‌ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയില്‍ രാത്രി 12 മണിയോടെയാണ് സംഭവം. ചെന്നൈ - ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്കിലൂടെ ബൈക്ക് അതിവേഗം ഓടിച്ചു പോയത്.
ബൈക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് കീപ്പര്‍ ട്രെയിന്‍ വരുന്ന ദിശയിലുള്ള കണ്ണന്‍കുഴി ലവല്‍ ക്രോസില്‍ വിവരമറിയിച്ചു. ഇതോടെ ഗുരുവായൂര്‍ എക്‌സ്പ്രസ് 20 മിനിറ്റോളം പിടിച്ചിട്ടു. തുടര്‍ന്ന് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോള്‍ ട്രാക്കിനരികില്‍ ബൈക്കും അരികിലായി യുവതിയേയും യുവാവിനെയും ലോക്കോ പൈലറ്റ് കണ്ടു. ബൈക്കിന്റെ നമ്പര്‍ അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നമ്പര്‍ വ്യാജമാണോ എന്ന സംശയത്തിലാണ് പൊലീസ്.
ട്രാക്കിലൂടെ ബൈക്ക് ഓടിച്ചത് ആത്മഹത്യശ്രമമാണോ അതോ അട്ടിമറി നീക്കമാണോ എന്ന് ഉറപ്പാക്കിയിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.