ബാർ കോഴ അന്വേഷണത്തിനിടെ നിരവധി തടസങ്ങള്‍ നേരിടേണ്ടിവന്നതായി ജേക്കബ് തോമസ്

Webdunia
ശനി, 6 ജൂണ്‍ 2015 (13:25 IST)
ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണത്തിനിടെ നിരവധി തടസങ്ങള്‍ നേരിടേണ്ടിവന്നതായി വിജിലൻസ് മുൻ എഡിജിപി ജേക്കബ് തോമസ് വെളിപ്പെടുത്തി. അന്വേഷണത്തിനിടെ നിരവധി പ്രതിബന്ധങ്ങളുണ്ടായെങ്കിലും അവയെയെല്ലാം തന്റെ മനധൈര്യം ഉപയോഗിച്ച് മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ നന്മ നോക്കിയാണ് പ്രവർത്തിച്ചത്. എടുത്ത തീരുമാനങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.ബാർ കോഴ കേസ് നിഷ്പക്ഷമായാണ് അന്വേഷിച്ചത്. സർക്കാരിന്റേയോ വ്യക്തികളുടേയോ താൽപര്യങ്ങൾക്ക് വഴങ്ങിയിട്ടില്ല. അന്വേഷണത്തിൽ വെള്ളം ചേർത്തിട്ടില്ലെന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.