അടുത്ത മാസം12നകം എല്ലാ ബാറുകളും പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ ബാബു. ഓണത്തിന് ശേഷം മാത്രമെ ബാറുകൾ പൂട്ടുകയുള്ളു. പൂട്ടുന്നതിന് 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആകെ 712 ബാറുകളാണ് പൂട്ടുക. ബാറുകളിലെ ശേഷിക്കുന്ന മദ്യം ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുക്കും. ഇതിനായി ചട്ടങ്ങൾ ലഘൂകരിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കും.
പള്ളികളിൽ കുർബാനയ്ക്ക് വൈൻ ഉപയോഗിക്കുന്നതിനെ സർക്കാർ എതിർക്കില്ല. പുതിയ ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് നൽകും. ഇവയ്ക്കുള്ള ഫീസ് അഞ്ചു ലക്ഷം രൂപയായി ഉയർത്തും. ബാറുകൾക്കുള്ള ലൈസൻസ് ബിയർ പാർലർ ലൈസൻസായി മാറ്റി നൽകില്ല. മദ്യത്തിനും ലഹരിക്കുമെതിരെ സ്കൂൾതലം മുതൽ ബോധവത്കരണം നടത്തും. ഇതിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ബാറുകൾ പൂട്ടുമ്പോള്‍ ഉടമകൾക്ക് ലൈസൻസ് ഫീസ് ഇനത്തിൽ ഏതാണ്ട് 40 കോടിയോളം രൂപ സർക്കാർ തിരിച്ചു നൽകുമെന്നും മന്ത്രി ബാബു പറഞ്ഞു. ഉന്നതതല യോഗത്തിനു ശേഷമാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.