312 ബാറുകളും ഈ വർഷം തന്നെ പൂട്ടും: മുഖ്യമന്ത്രി

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (11:00 IST)
സംസ്ഥാനത്തെ ബാറുകൾ പൂട്ടുന്നതിന് നിയമതടസമില്ലെന്നും ഇപ്പോൾ തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകളും ഈ വർഷം തന്നെ പൂട്ടുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ബാറുകൾ പൂട്ടുന്നതിന് യാതൊരു നിയമതടസമില്ലെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷത്തെ അബ്കാരി നയം അനുസരിച്ചാണ് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകിയിരിക്കുന്നത്. ശേഷിക്കുന്ന പ്രവർത്തന കാലയളവിലെ തുക തിരിച്ചു നൽകിയാല്‍ ബാറുകള്‍ പൂട്ടുന്നതിന് യാതൊരു തടസവുമില്ലെന്നും. അതിനാൽ തന്നെ ബാറുകൾ പൂട്ടാനുള്ള തീരുമാനം ഈ വർഷം എടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ബിവറേജസ് കോർപ്പറേഷന് 338 ഔട്ട്‌ലെറ്റുകളാണുള്ളത്. പത്ത് ശതമാനം വച്ച് പൂട്ടുന്പോൾ ഒരു വർഷം 34 ഔട്ട്‌ലെറ്റുകൾ പൂട്ടും. സർക്കാരിന്റെ പുതിയ തീരുമാനം കൺസ്യൂമർ ഫെഡിന്റെ ഔട്ട്‌ലെറ്റുകൾക്കും ബാധകമാണ്. 46 ഔട്ട്‌ലെറ്റുകളാണ് കൺസ്യൂമർ ഫെഡിനുള്ളത്. അങ്ങനെ വരുന്പോൾ വർഷം അഞ്ചെണ്ണം വീതമാവും പൂട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 39 വിദേശമദ്യ ഔട്ട്‌ലെറ്റുകൾ ഈ ഗാന്ധി ജയന്തി ദിനത്തിൽ പൂട്ടും.  ഒക്ടോബർ അഞ്ചാം തീയതി മുതലുള്ള ഞായറാഴ്ചകൾ മദ്യരഹിത ദിനം (ഡ്രൈ ഡേ)​ ആയിരിക്കും.