യു ഡി എഫില്‍ ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന കലാപങ്ങളുടെ പുകമറ താല്‍ക്കാലികമായി മാഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിടാതെ പിന്തുടരുന്ന ആരോപണങ്ങളും വിവാദങ്ങള്‍ക്കും തുടര്‍ച്ചയെന്നോണമായിരുന്നു ബാര്‍കോഴ വിവാദവും ഉയര്‍ന്നു വന്നത്. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് ബിജു രമേശ് തുറന്നുവിട്ട ഭൂതം കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയും സര്‍ക്കാര്‍ ചീഫ് വിപ്പും കേരളാകോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജും ഏറ്റു പിടിച്ചതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ചത്.
ഒക്‌ടോബര്‍ 31നാണ് ബിജു രമേശ് ബാര്‍കോഴ ആരോപണം വ്യക്തമാക്കിയത്. ബാറുകള്‍ തുറക്കാന്‍ കെ എം മാണി കോടികള്‍ ആവശ്യപ്പെട്ടു. ആദ്യഗഡുവായി ഒരു കോടി രൂപ മാണിയുടെ പാലായിലെ വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നായിരുന്നു ആരോപണം. അവിടുന്നാണ് സരിതയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടുച്ചു കുലുക്കിയ ബാര്‍ കോഴ വിവാദം ഉയര്‍ന്നു വന്നത്. നിഷ്‌കളങ്കതയുടെയും, അഴിമതിരഹിത രാഷ്‌ട്രീയത്തിന്റെയും പ്രതിരൂപമായി അവതരിച്ചിരുന്ന കെഎം മാണിക്ക് നേരെ ഉയര്‍ന്നു വന്ന ആരോപണത്തെ തടുക്കാനും തടയിടാനും യുഡിഎഫ് പ്രത്യക്ഷത്തില്‍ ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ അണിയറയില്‍ ചരട് വലികള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നു.
ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്തുണയുമായി പത്രമാധ്യമങ്ങള്‍ ഒത്തു കൂടിയതോടെ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. കെ എം മാണിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യം ഉന്നയിച്ച ടി എന്‍ പ്രതാപന്‍ എം എല്‍ എയെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചപ്പോള്‍ തന്നെ കേരളജനത വിധിയെഴുതി ഇത് വെറുമൊരു ആരോപണമല്ലെന്ന്. നിലവിലെ സാഹചര്യം പ്രതിപക്ഷം മുതലാക്കാതെ പകച്ചു നിന്ന വേളയിലും. ഒപ്പം നില്‍ക്കുമെന്ന് വാക്ക് തന്നവര്‍ കൂറ് മാറിയപ്പോഴുമാണ് ബിജു രമേശ് '' ഇപ്പോള്‍ പൊട്ടിക്കും, ഇപ്പോള്‍ പൊട്ടിക്കും എന്ന് മറഞ്ഞ ആ ബോംബ് പൊട്ടിച്ചത്. ബാര്‍ കോഴ ആരോപണത്തെ സംബന്ധിച്ച് ആര്‍ ബാലകൃഷ്‌ണപിള്ളയും പിസി ജോര്‍ജും ബിജു രമേശുമായി ഫോണില്‍ സംസാരിക്കുന്ന സംഭാഷണങ്ങളാണ് അദ്ദേഹം ബോംബായി പുറത്ത് വിട്ടത്.
ശക്തമായി മുന്നോട്ട് പൊയ്‌ക്കൊള്ളാനും എന്നും കൂടെ ഉണ്ടാകുമെന്നും, ആവശ്യമെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനും, ബാര്‍ കോഴ അഴിമതി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് ധരിപ്പിച്ചിരുന്നതായും ബാലകൃഷ്‌ണപിള്ള വ്യക്തമാക്കിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. ഒന്ന് നേരിട്ട് കാണണമെന്നും, കുറച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കിയ സംഭാഷണങ്ങളും ഈ കൂട്ടത്തില്‍ ബിജു രമേശ് പുറത്ത് വിട്ടു.
ഏതായാലും സംഭവം വിവാദമായതോടെ ബാലകൃഷ്‌ണപിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടത് കാര്യങ്ങള്‍ കലുഷിതമാക്കി. ജോര്‍ജിനെതിരെയും നടപടി വേണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായതോടെ യു ഡി എഫ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉമ്മന്‍ചാണ്ടിയും കണ്‍വീനര്‍ പിപി തങ്കച്ചനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പിള്ളയുടെ മുഖ്യശത്രുവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അദ്ദേഹത്തെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതും, സി പി എം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അതിനെ പിന്തുണച്ചതും യു ഡി എഫിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പിള്ളയെയും ജോര്‍ജിനെയും ശിക്ഷിക്കാന്‍ ചേര്‍ന്ന യു ഡി എഫ് യോഗം രണ്ടു പേരെയും നല്ല നടപ്പിന് വിധിച്ചത്. ഇരുവരും മുന്നണിയുടെ അന്തസത്ത കാത്തു സൂഷിച്ച് മുന്നോട്ട് പോകുമെന്നും മുതിര്‍ന്ന നേതാവായ പിള്ളയോട് ഈ തവണ ക്ഷമിക്കാനും തീരുമാനിക്കുകയായിരുന്നു.
പിള്ളയെ പുറത്താക്കാനുള്ള ആവശ്യം മണിക്കൂറുകള്‍ക്കുള്ളില്‍ മാറി മറിയാന്‍ കാരണമായത് സി പി എം തുറന്നിട്ട വാതില്‍ തന്നെയായിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും യു ഡി എഫിന്റെ ആദ്യകാല നേതാവുമായ പിള്ളയെ പുറത്താക്കിയാല്‍ അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്ന അസൂയ തന്നെയായിരുന്നു ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അഴിമതിയുടെ പേരില്‍ തന്നെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നും പുറത്താക്കിയാല്‍ താന്‍ കൂടുതല്‍ ശക്തനാകുമെന്ന പിള്ളയുടെ പ്രസ്താവന യു ഡി എഫിനെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരുന്നു. അദ്ദേഹത്തെ പുറത്താക്കിയാല്‍ അദ്ദേഹം എന്ത് പറയുമെന്ന ഭയവും സരിത ജയിലില്‍ വെച്ച് എഴുതി നല്‍കിയ പരാതിയുടെ പകര്‍പ്പ് പിള്ളയുടെ പക്കല്‍ ഉണ്ടെന്ന സംസാരവും ഉമ്മന്‍ചാണ്ടിയെ നിലപാടില്‍ നിന്ന് മാറ്റി ചിന്തിപ്പിക്കാന്‍ കാരണമാകുകയായിരുന്നു.
ബാലകൃഷ്‌ണപിള്ള പുറത്തുപോയാല്‍ അദ്ദേഹത്തിന് ഇടതുകോട്ടയില്‍ നല്ല ഒരു പദവി ലഭിക്കുമെന്ന വിശ്വാസം യു ഡി എഫിനുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതും നിയമസഭാ തെരഞ്ഞെടുപ്പ് വിദൂരമല്ലാത്തെ സാഹചര്യം കണക്കിലെടുത്തതും പിള്ളയെ തുണയ്ക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച് വ്യക്തമാക്കിയ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറിനെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ബി ജെ പിയും പിള്ളക്കെതിരെയുള്ള നടപടികളില്‍ മയപ്പെടാന്‍ കാരണമായി തീര്‍ന്നു. കൂടാതെ പിള്ളക്കെതിരെ ശക്തമായി നടപടി എടുക്കുന്നതില്‍ മുസ്ലിംലീഗും, കെ പി സി സി പ്രസിഡന്റ് വിഎം സുധീരനും എതിര്‍പ്പ് അറിയിച്ചതും കൂടുതല്‍ നടപടിയിലേക്ക് കടക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
ബാലകൃഷ്‌ണപിള്ളയെ മാത്രമായി ശിക്ഷിക്കേണ്ടെന്നും, നടപടി സ്വീകരിച്ചാല്‍ ജോര്‍ജിനെതിരെയും നടപടി എടുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തതോടെയാണ് ഇരുവരെയും നല്ല നടപ്പിന് വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്റെ പഴയ തോഴന്‍ ജോര്‍ജിനെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും ഭയം തന്നെയായിരുന്നു. ജോര്‍ജ് മറുകണ്ടം ചാടുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നതും എല്ലാം വെട്ടിത്തുറന്ന് പറയാന്‍ ചീഫ് വിപ്പ് വെമ്പല്‍ കൊണ്ട് നില്‍ക്കുന്നതും കണ്ട യു ഡി എഫ് യോഗം ഇരുവരെയും തള്ളാതെ കൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു.