സര്‍ക്കാരിന് വീണ്ടും തിരിച്ചടി; ബാബുവിനെതിരായ വിജിലൻസ് കോടതി നടപടിയിൽ അപാകതയില്ല: ഹൈക്കോടതി

Webdunia
തിങ്കള്‍, 25 ജനുവരി 2016 (14:35 IST)
ബാർ കോഴക്കേസിൽ കെ ബാബുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന വിജിലൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. വിജിലൻസ് കോടതി നടപടിയിൽ പ്രാഥമികമായി അപാകതയില്ല. സര്‍ക്കാരിന് നിയമപരമായ നീക്കങ്ങള്‍ നടത്തി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു. 
 
ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് തിരിച്ചടിയായ ഉത്തരവ് വന്നത്. വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്ന് സർക്കാർ വാദിച്ചു. ഇത് ഗൗരവമായി കാണണം. ഹൈകോടതി പരിഗണിക്കുന്ന കേസിലാണ് വിജിലൻസ് കോടതി ഇടപെട്ടതെന്നും സർക്കാർ വാദിച്ചു.
 
ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയും ബിജു രമേശിനെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. പണം വാങ്ങുന്നയാളും കൊടുക്കുന്നയാളും കുറ്റക്കാരെന്ന നിയമത്തിന്റെ  അടിസ്ഥാനത്തിലാണ് ബിജു രമേശിനെതിരെയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.