ബാര്‍ കോഴ: അന്വേഷണം ശരിയായ ദിശയില്‍- ജേക്കബ് തോമസ്

Webdunia
വെള്ളി, 15 മെയ് 2015 (12:21 IST)
ബാര്‍ കോഴക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നതെന്നു വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ്. അന്വേഷണത്തിന്റെ ഭാഗമായി തന്റെ മേല്‍ യാതൊരു സമ്മര്‍ദവുമില്ല. താന്‍ അവധിയില്‍ പ്രവേശിച്ചെന്ന വാര്‍ത്തയില്‍ യാതൊരു പ്രത്യേകതയും ഇല്ല. അവധിയെടുക്കുന്നത് സാധാരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നു ആവശ്യപ്പെട്ട് ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്തെത്തി. ബാബുവിനെതിരേ അന്വേഷണം നടത്തുന്ന ഡിവൈഎസ്പി എംഎന്‍ രമേശിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ് രംഗത്ത് എത്തിയിരുന്നു. വിന്‍സന്‍ എം പോള്‍ ഇടപെട്ട് കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍  അന്വേഷണം അട്ടിമറിക്കുവെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.

കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെ മാറ്റി പകരം വിന്‍സന്‍ എംപോള്‍ നേരിട്ട് കേസില്‍ ഇടപെടുകയാണെന്നും  കെ ബാബുവിനെതിരായി മൊഴി നല്‍കാന്‍ വിന്‍സന്‍ എം പോള്‍ സമ്മതിക്കുന്നില്ലെന്നുമാണ് ബിജു രമേശ് ആരോപിച്ചത്.