ബാര്‍ കോഴക്കേസില്‍ മാണിയെ അറസ്‌റ്റു ചെയ്യണം: കോടിയേരി

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (12:19 IST)
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിയെ അറസ്‌റ്റു ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അരുവിക്കരയിലെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണ് ഉപതെരഞ്ഞെടുപ്പ്‍. ബാര്‍ കോഴ, സോളാര്‍ കേസുകളില്‍ യുഡിഎഫ് സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തി. വിജിലന്‍സ് മേധാവിയായ വിന്‍സന്‍ എം പോളിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ബാര്‍ കോഴ, സോളാര്‍ കേസുകളിലുള്ള വിലയിരുത്തലാണെന്ന് യു.ഡി.എഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ബാര്‍ കോഴ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സാധാരണ ഗതിയില്‍ ആര്‍ക്കും വഴങ്ങാത്ത വിന്‍സന്‍ എം പോള്‍ സോളിസിറ്റര്‍ ജനറലിനോട് അഭിപ്രായം തേടിയത് സമ്മര്‍ദ്ദം മൂലമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ബാര്‍ കേസില്‍ കുറ്റപത്രം നല്‍കാതെ എഴുതി തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അദ്ദേഹത്തിന്റെ നിശബ്ദമായ പ്രതിഷേധമാണ് ഇതില്‍ വ്യക്തമാകുന്നത്. ഇത്തരം വിഷയങ്ങളിലെല്ലാമുള്ള ശക്തമായ പ്രതിഷേധം അരുവിക്കരയിലുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.