പീഡനക്കേസില്‍ യുവാവ് അറസ്റ്റില്‍

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (14:56 IST)
പതിനാറുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുതുറ അതിര്‍ത്തി പുരയിടത്തില്‍ ഷൈനി കോട്ടേജില്‍ ഡാര്‍വിന്‍ എന്ന ലാലു (27) ആണ്‌ പൊലീസ് വലയിലായത്. പുത്തന്തോപ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണു ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

ക്രിസ്തുവിന്‍റെ ചിത്രങ്ങള്‍ വീടുവീടാന്തരം വില്‍പ്പന നടത്തിയിരുന്ന ലാലു പീഡനത്തിനിരയായ കുട്ടിയുടെ വീട്ടുകാരുമായി പരിചയത്തിലായി. എന്നാല്‍ കുട്ടിയുടെ മാതാവിനു മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു.

ഇതിനിടെ കുട്ടിയെ വിവാഹം കഴിക്കാമെന്ന് ലാലു വാഗ്ദാനം ചെയ്തെങ്കിലും പെണ്‍കുട്ടി ഇതു നിരസിച്ചു. മാതാവിന്‍റെ അസുഖം ഭേദമാക്കാനായി വെട്ടുതുറയിലെ മത കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് കുട്ടിയേയും മാതാവിനെയും സ്വന്തം വീട്ടിലെത്തിച്ചു.

കണ്‍വെന്‍ഷന്‍ കഴിഞ്ഞ് സമയം രാത്രിയായതിനാല്‍ അടുത്ത ദിവസം തിരികെ വീട്ടിലെത്തിക്കാമെന്നും അതുവരെ തന്‍റെ വീട്ടില്‍ കഴിയാമെന്നും ലാലു പറഞ്ഞു. എന്നാല്‍ മാതാവിനെ ലാലുവിന്‍റെ സഹോദരിയുടെ വീട്ടിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. സ്വന്തം വീട്ടില്‍ ഉറങ്ങിയ പെണ്‍കുട്ടിയുടെ മുറിയില്‍ രാത്രി അതിക്രമിച്ചു കടന്ന് കുട്ടിയെ ലാലു പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പരാതിയെ തുടര്‍ന്നായിരുന്നു കഴക്കൂട്ടം സി.ഐ അരുണ്‍ കുമാറും സംഘവും ലാലുവിനെ അറസ്റ്റ് ചെയ്തത്.