‘സ്വാശ്രയം: പരിഹരിക്കാന്‍ അത്ഭുതവിളക്കില്ല‘

ബുധന്‍, 15 ജൂണ്‍ 2011 (08:44 IST)
PRO
PRO
സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന വിഷയം സംബന്ധിച്ച് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. വളരെ പെട്ടെന്ന് പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ അലാവുദ്ദിന്റെ അത്ഭുതവിളക്കില്ലെന്ന് മന്ത്രിസഭാ ഉപസമിതി പ്രതിനിധി കെ എം മാണി വ്യക്തമാക്കുകയും ചെയ്തു. അഞ്ചുവര്‍ഷമായിട്ടും പരിഹരിക്കാനാവാത്ത പ്രശ്‌നമാണിത്‌. അത്‌ അഞ്ചോ പത്തോ ദിവസം കൊണ്ടു പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, അമൃത മെഡിക്കല്‍ കോളേജ് എന്നിവ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇവരുമായി ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 50 ശതമാനം മെഡിക്കല്‍ പി ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് റിപ്പോര്‍ട്ട്.

എം ബി ബി എസിന് പല തട്ടിലുള്ള പ്രവേശന നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന്‌ എം ഇ എസ്‌ പ്രസിഡന്റ്‌ ഡോ ഫസല്‍ ഗഫൂര്‍ വ്യക്‌തമാക്കി. സ്വാശ്രയ പ്രശ്‌നത്തിന് ശാശ്വതപരിഹാരമാണ് ഉണ്ടാവേണ്ടത്. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍, അമൃത എന്നിവയ്ക്ക് ഒരു രീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു രീതി എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപസമിതി അംഗങ്ങളായ പി കെ അബ്‌ദുറബ്ബ്‌, അടൂര്‍ പ്രകാശ്‌, കെ സി ജോസഫ്‌ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക