‘റൌള്‍’ എന്ന വ്യാജപേരില്‍ രാഹുല്‍ വന്നതെന്തിന്?

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2011 (08:48 IST)
PRO
PRO
വ്യാജപേരില്‍ രാഹുല്‍ഗാന്ധി അതീവ രഹസ്യമായി കേരളത്തിലെത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ്. ‘റൗള്‍’ എന്ന വ്യാജ പേരിലാണ് കിംഗ്ഫിഷര്‍ വിമാനത്തില്‍ രാഹുല്‍ ഗാന്ധി യാത്ര ചെയ്തത്. രാഹുലിന്‍റെ സന്ദര്‍ശനത്തിനുള്ള പിന്നിലുള്ള ദുരൂഹത അകറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

“കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 16-നാണ് ഇറങ്ങിയത്. ബാംഗ്ലൂരില്‍ നിന്നാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അറിയുന്നത്‌. എന്നാല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം, രാഹുല്‍ എങ്ങോട്ടു പോയെന്ന് ആര്‍ക്കും അറിയില്ല. സത്യത്തില്‍, എന്തിനാണ് രാഹുല്‍ കേരളത്തില്‍ എത്തിയത് എന്ന കാര്യം ദുരൂഹമായി തുടരുന്നു.”

“കരിപ്പൂര്‍ വിമാനത്താവളം സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ എസ്‌പിക്ക്‌ പോലും സെഡ്‌ കാറ്റഗറി സുരക്ഷയുള്ള രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. റൗള്‍ എന്ന വ്യാജ പേരിലാണു കിംഗ്‌ഫിഷര്‍ വിമാനത്തില്‍ രാഹുല്‍ഗാന്ധി യാത്ര ചെയ്തത്‌. എന്തായിരുന്നു രാഹുലിന്റെ ലക്‌ഷ്യം?” - രാജേഷ് ചോദിച്ചു.

രാഹുല്‍ വരുന്നതിനെ പറ്റി വിമാനക്കമ്പനിക്കോ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സന്ദര്‍ശനത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. വിമാനമിറങ്ങി രാഹുല്‍ഗാന്ധി കര്‍ണാടക രജിസ്ട്രേഷന്‍ വാഹനത്തില്‍ കയറുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍, ആര്‍ക്കും പിടികൊടുക്കാതെ രാഹുല്‍ കരിപ്പൂര്‍ വിട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതു വേണ്ടെന്ന മറുപടിയാണു ലഭിച്ചത്. നേരത്തെ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യ വിഭാഗം രൂപീകരിച്ചിരുന്നു. ഇവരുമായി ചര്‍ച്ച നടത്താനാണ് രാഹുല്‍ കെപിസിസിയെപ്പോലും അറിയിക്കാതെ എത്തിയതെന്ന് അഭ്യൂഹം.

മുന്നറിയിപ്പ് നല്‍കാതെയുള്ള രാഹുലിന്റെ ഇടക്കിടെയുള്ള സന്ദര്‍ശനം സംസ്ഥാന പൊലീസില്‍ കടുത്ത അതൃപ്‌തി ജനിപ്പിച്ചിട്ടുണ്ട്‌. വിവിഐപികളുടെ രഹസ്യ സന്ദര്‍ശനങ്ങളെ കുറിച്ച്‌ സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികളെയെങ്കിലും മുന്‍കൂട്ടി അറിയിക്കുന്ന കീഴ്‌വഴക്കം രാഹുലിന്റെ കാര്യത്തില്‍ പാലിക്കുന്നില്ലെന്നാണ്‌ ആക്ഷേപം. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും രാഹുല്‍ സന്ദര്‍ശനത്തെ പറ്റി അറിയിക്കാറില്ല എന്നതും ശ്രദ്ധേയം.