‘പി സി ജോര്‍ജിനു ഭ്രാന്ത്, പടിയടച്ച് പിണ്ഡം വയ്ക്കണം‘- പറയുന്നത് കോണ്‍ഗ്രസ് മുഖപത്രം

Webdunia
വെള്ളി, 18 ഒക്‌ടോബര്‍ 2013 (15:28 IST)
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധമുയരുന്നതിനിടെ കര്‍ക്കശമാക്കുന്നതിനിടെ ജോര്‍ജിന് ഭ്രാന്താണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ലേഖനം.

പി സി ജോര്‍ജ് യു‌ഡി‌എഫിന്റെ ആരോഗ്യത്തിന് ഹാനികരം എന്ന തലക്കെട്ടില്‍ പി മുഹമ്മദാലിയുടെ വാദം പ്രതിവാദം എന്ന കോളത്തിലാണ് ജോര്‍ജിന് ഭ്രാന്താണെന്ന് പറയുന്നത്. ‘സര്‍വരെയും പുലഭ്യം പറയുന്ന ജോര്‍ജിന്റെ രോഗത്തിന് വൈദ്യശാസ്ത്ര ഭാഷയില്‍ ഭ്രാന്ത് എന്നാണ് പേര്‘.

ഇത്തരക്കാരെ കൊണ്ടുപോയി തളയ്‌ക്കേണ്ട സ്ഥലം ചീഫ് വിപ്പ് പദവിയിലല്ല; ഊളന്‍പാറയിലോ കുതിരവെട്ടത്തോ ആണെന്ന്‘ എന്ന് ലേഖനത്തില്‍ പറയുന്നു.

‘അണ്ടന്‍ അടകോടന്‍ പരാമര്‍ശം നടത്തിയ ജോര്‍ജിന് നല്‍കേണ്ടത് ബോര്‍ഡും ലൈറ്റും ഘടിപ്പിച്ച കാറല്ല. പടിയടച്ചു പിണ്ഡം വെയ്ക്കലാണ്. എല്‍.ഡി.എഫില്‍ നിന്നും മറുകണ്ടം ചാടി യുഡിഎഫിലെത്തിയ ജോര്‍ജിനെ മുന്നണി പ്രവേശനത്തിന് മുമ്പ് രാഷ്ട്രീയ എച്ച്.ഐ.വി ടെസ്റ്റ് നടത്തേണ്ടതായിരുന്നു. കയറും കടിഞ്ഞാണുമില്ലാതെ ഈ അമ്പലക്കാളയെ നടതള്ളിയവര്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലും‘.

‘കെഎസ്യു പ്രസിഡന്റായ വി.എസ് ജോയിയുടെ പോലും ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യതയില്ലാത്തയാളാണ് പി സി ജോര്‍ജ്. മാണിസാറല്ല; മാര്‍പാപ്പ വന്ന് ഗുണദോഷിച്ചാലും ജോര്‍ജ് നേര്‍വഴിക്ക് വരില്ല. ജോര്‍ജിന്റെ ഉപദേശകരും സഹായികളും എകെജി സെന്ററിലുള്ളവരാണ്. പ്രാതലും ഉച്ചയൂണും യുഡിഎഫിലും അന്തിയുറക്കം എകെജി സെന്ററിലും എന്ന ഹീനമായ നടപടി തുടരുന്നത് ആത്മഹത്യാപരമാണ്.

പിസി ജോര്‍ജാണ് ഇടതുമുന്നണിയുടെ ഐശ്വര്യം എന്ന അവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ. കെ.പസിസി എക്‌സിക്യുട്ടീവിനെ അധിക്ഷേപിക്കുന്നത് ഇന്ദിരാഭവന്റെ പൂമുഖത്ത് കയറി മലമൂത്ര വിസര്‍ജനം ചെയ്യുന്നതിന് തുല്യമാണ്. ഒരു വോട്ടിന്റെ പിന്തുണ കാട്ടിയാണ് ജോര്‍ജ് തുമ്മുന്നതെങ്കില്‍ തുമ്മട്ടെ. അങ്ങിനെ തെറിക്കുന്ന മൂക്കാണെങ്കില്‍ അതും തെറിക്കട്ടെ‘ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.