കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ മലര്‍ത്തിയടിച്ചു. 37649 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പ്രേമചന്ദ്രന്‍ വിജയിച്ചത്. സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍റെ ‘പരനാറി’ പ്രയോഗം തന്‍റെ വിജയത്തിന് ഒരു കാരണമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
ആരാണ് പരനാറിയെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ എന്നാണ് ആര്‍ എസ് പി നേതാവ് എ എ അസീസ് പ്രതികരിച്ചത്. പ്രേമചന്ദ്രന് 408528 വോട്ടുകളാണ് ലഭിച്ചത്.
എം എ ബേബിക്ക് 370879 വോട്ടുമാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. അതേ സമയം ബി ജെ പി സ്ഥാനാര്‍ത്ഥി വേലായുധന് 58671വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
സിപിഎമ്മിന്‍റെ ബുദ്ധികേന്ദ്രമായ ബേബിയുടെ പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അത് പ്രേമചന്ദ്രനെതിരെയാണ് എന്നത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും തികച്ചും വേദനാജനകവും.