‘ആസിയാന്‍: കേരളത്തിന്‍റെ ആശങ്കകള്‍ പരിഹരിക്കും’

Webdunia
ചൊവ്വ, 28 ജൂലൈ 2009 (15:14 IST)
PRO
PRO
ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ ആശങ്കകള്‍ പരിഹരിക്കാമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഉറപ്പു നല്‍കിയതായി പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി അറിയിച്ചു. ഡല്‍ഹിയില്‍ യു ഡി എഫ് എംപിമാര്‍ക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 2019 വരെയുള്ള കാലയളവില്‍ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവ്‌ ഉണ്ടാവില്ലെന്ന്‌ പ്രധാനമന്ത്രി അറിയിച്ചു. ഈ പത്തുവര്‍ഷ കാലത്തിനിടയ്ക്ക്‌ കേരളത്തിലെ പരമ്പരാഗത കൃഷിമേഖലയ്ക്ക്‌ ഗണ്യമായ ഗുണം ലഭിക്കും.

ആസിയാന്‍ കാരാറുമായി ബന്ധപ്പെട്ട നെഗറ്റീവ്‌ പട്ടികയില്‍ 631 ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കാപ്പി, തേയില, റബര്‍ തുടങ്ങി കേരളത്തിലെ നാണ്യവിളകള്‍ പട്ടികയില്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്‌ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇതു കൂടാതെ, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുള്ള ആശങ്കയും സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നപരിഹാരത്തിന്‌ മുന്‍കൈ എടുക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. നേരത്തേ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.