ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്‍കും

Webdunia
ബുധന്‍, 25 മാര്‍ച്ച് 2009 (12:18 IST)
സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു എന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ക്രമസമാധാന നിലയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര സര്‍ക്കാരും, മാധ്യമ സര്‍വ്വേകളും അംഗീകരിച്ചിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ, ക്രമസമാധാനം സംബന്ധിച്ച് സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം, സര്‍ക്കാരിന്‍റെ ഭാഗം കേള്‍ക്കാതെ നടത്തിയ ഒന്നായതിനാല്‍ മേല്‍ക്കോടതിയില്‍ ഇത് സംബന്ധിച്ച് അപ്പീല്‍ നല്‍കും - മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്നും, തെരഞ്ഞെടുപ്പ്‌ കളികളില്‍ മുഴുകിയ അധികാരികള്‍ ഈ വസ്തുത കാര്യമാക്കുന്നില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജസ്റ്റിസ് വി രാം‌കുമാറായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനം നടത്തിയത്. ഇതിനെതിരയാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.

സംസ്ഥാനത്തെ വരള്‍ച്ചയും, കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനായി മന്ത്രിസഭ 17 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെയും, ബന്ധപ്പെട്ട മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദളുമായി ധാരണയില്‍ എത്താന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.