സ്മാര്‍ട്ട്ഫോണുകള്‍, ചാര്‍ജറുകള്‍, കുടകള്‍, പാത്രങ്ങള്‍, സോപ്പുകള്‍... ഒരു മണിക്കൂര്‍ മാത്രമുണ്ടായ ലേലംവിളിയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചത് 8575 രൂപ. മലപ്പുറത്തെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ വച്ചായിരുന്നു ബസില്‍ യാത്രക്കാര്‍ മറന്നുവെച്ച സാധനങ്ങളുടെ രസകരമായ ലേലംവിളി നടന്നത്.
ബസില്‍ ഉടമസ്ഥരില്ലാതെ ലഭിക്കുന്ന സാധനങ്ങളാണ് ഡിപ്പോ അധികൃതര്‍ ശേഖരിച്ചുവച്ച് ഓരോ ആറുമാസം കൂടുമ്പോഴും ലേലംചെയ്യുക. സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കം മൂന്ന് ഫോണുകളാണ് ലേലത്തിനുണ്ടായിരുന്നത്. ഫൈബര്‍ പ്ലേറ്റുകള്‍, ഫുഡ് കണ്ടെയ്‌നര്‍, കുട, ബിഗ്‌ഷോപ്പര്‍, ബാഗ്, പഴ്‌സ് ചാര്‍ജറുകള്‍ എന്നിവയും ഉണ്ടായിരുന്നു.
500 രൂപമുതല്‍ ലേലംവിളി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ 1050 രൂപയ്ക്കായിരുന്നു ലേലത്തില്‍ പോയത്. മൂന്നു തവകളും ലേലം വിളിച്ചു. അതില്‍ ഒന്ന് 200രൂപയില്‍ നിന്നും ആരംഭിച്ച് 250രൂപയ്ക്കും മറ്റൊന്ന് 270 രൂപയ്ക്കും മൂന്നാമത്തേത് 310 രൂപയ്ക്കുമാണ് ആളുകള്‍ വിളിച്ചെടുത്തത്.
പാത്രങ്ങള്‍ കഴുകുന്ന രണ്ട് ലായനികള്‍ക്ക് 80 രൂപ, ഒരോ കിലോ വീതമുള്ള സോപ്പ് പൗഡറിന്റെ രണ്ടു പായ്ക്കറ്റ് 110 രൂപ, ഭക്ഷണം കഴിക്കുന്ന ഫൈബര്‍പ്ലേറ്റുകള്‍ വിവിധ എണ്ണമനുസരിച്ച് 410 രൂപ, 380രൂപ, 200 രൂപ എന്നീ നിലയിലും ലേലത്തില്‍ പോയി.
നാല് കുടകള്‍ 160, 200, 210, 200 രൂപയ്ക്ക് മലപ്പുറം ഡിപ്പോയിലെ ഡ്രൈവറായ ഒഴുകൂര്‍ സ്വദേശി മനോജാണ് ലേലത്തില്‍ വിളിച്ചെടുത്തത്. യാത്രയ്ക്കിടയില്‍ ലഭിക്കുന്ന സാധനങ്ങള്‍ പരമാവധി മൂന്നുമാസം വരെ സൂക്ഷിച്ചശേഷമാണ് ഇവ ലേലനടപടികള്‍ക്കായി മാറ്റിവെക്കുക. വിളിച്ചെടുക്കുന്ന തുകയ്ക്കുപുറമെ 18 ശതമാനം ജി.എസ്.ടി. കൂടി കൂട്ടിയാണ് വില ഈടാക്കിയത്.