സംസ്ഥാന കൃഷിമന്ത്രിയുടെ ഓഫീസ് പുതിയ വിവാദത്തില്‍. മന്ത്രിയുടെ പി എ ആണ് വിവാദത്തിന്‍റെ കേന്ദ്രം. ഒരു സ്ഥലം മാറ്റക്കാര്യത്തിനായി എത്തിയ കൃഷി വകുപ്പ് ജീവനക്കാരിയായ യുവതിയോട് മന്ത്രിയുടെ പി എ മോശമായി പെരുമാറി എന്നാണ് ആരോപണം.
സ്ഥലം മാറ്റക്കാര്യവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ കൃഷിമന്ത്രിയുടെ ഓഫിസിലെത്തിയ യുവതിക്ക് ‘ഉടന്‍ തന്നെ തീരുമാനമുണ്ടാക്കാം’ എന്ന് മന്ത്രിയുടെ പി എ ഉറപ്പ് നല്‍കി. അതിന് ശേഷമായിരുന്നു പി എയുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവന്നത്. സ്ഥലം മാറ്റം ശരിയാക്കാം പക്ഷേ ‘സഹകരിക്കണം’ എന്ന് പി എ ആവശ്യപ്പെട്ടത്രെ!
എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നുപോയ യുവതി ഉടന്‍ തന്നെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി. പിന്നീട് സ്ഥലം മാറ്റക്കാര്യത്തിന് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയ ആളെ വിളിച്ച് കാര്യം ധരിപ്പിച്ചു. ഇയാള്‍ മന്ത്രിയെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും പിന്നീട് പരാതി എഴുതി നല്‍കുകയും ചെയ്തു. സംഗതി വിവാദമായതിനെ തുടര്‍ന്ന് ഇടതു സര്‍വീസ് സംഘടനകള്‍ ഇടപെട്ടിട്ടുണ്ട്.