സ്ത്രീകള്‍ ഉള്‍പ്പെട്ട കഞ്ചാവ് വില്‍പ്പന സംഘം പിടിയില്‍
വെള്ളി, 27 ജനുവരി 2012 (15:09 IST)
കോട്ടയം നാഗമ്പടത്ത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന കഞ്ചാവ് വില്‍പ്പന സംഘം പിടിയില്‍. രണ്ട് സ്ത്രീകളടക്കം മൂന്നു പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോയിലധികം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
നാഗമ്പടം പാലത്തിന് സമീപം താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നാണ് മഫ്തിയിലെത്തിയ പോലീസ് കഞ്ചാവ് പിടികൂടിയത്. വില്‍പനയ്ക്കായി വച്ചിരുന്ന കഞ്ചാവാണിത്. ഈ വീട്ടില്‍ നിന്ന് അമ്പലത്തിലേക്കും പള്ളിയിലേക്കുമുള്ള വിളക്കുകള്‍, മൊബൈയില്‍ ഫോണുകള്‍ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.
നാഗമ്പടം ബസ് സ്റ്റാന്‍ഡിലും പരിസരത്തും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന മറ്റൊരു സ്ത്രീയേയും ഇവരുടെ സഹായി കുഞ്ഞുമോന്‍ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് അടുത്തിടെ നടന്ന രണ്ട് കൊലപാതകത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിനിടയിലാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.