സെക്രട്ടേറിയറ്റിന് മുമ്പില്‍ ക്ലോസറ്റ്, പേര് സഖാവ് വി എസ്: തോക്ക് സ്വാമിക്ക് തല്ല്!

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (17:25 IST)
PRO
സെക്രട്ടേറിയറ്റിന് മുമ്പില്‍ യൂറോപ്യന്‍ ക്ലോസറ്റ് സ്ഥാപിച്ച് ‘സഖാവ് വി എസ്’ എന്ന് പേരെഴുതി വച്ച സ്വാമി ഹിമവല്‍ ഭദ്രാനന്ദ(തോക്ക് സ്വാമി)യ്ക്ക് ഡി വൈ എഫ് ഐ വക തല്ല്. ‘സഖാവ് വി എസ്’ എന്നെഴുതിയ ക്ലോസറ്റ് സ്ഥാപിച്ച ശേഷം അതില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു തോക്കുസ്വാമി.

ക്ലോസറ്റിന് മേല്‍ പ്രതിപക്ഷനേതാവിന്‍റെ പേരെഴുതിവച്ചിരിക്കുന്നത് കണ്ടതോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി തോക്ക് സ്വാമിയെ കൈകാര്യം ചെയ്യുകയായിരുന്നു. ക്ലോസറ്റ് തല്ലിത്തകര്‍ക്കുകയും ചെയ്തു. അതിന് ശേഷം പൊലീസ് സംഭവത്തില്‍ ഇടപെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ കുടുംബത്തേക്കുറിച്ച് വി എസ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഹിമവല്‍ ഭദ്രാനന്ദ ക്ലോസറ്റ് സ്ഥാപിച്ചതെന്നാണ് നിഗമനം.

സന്തോഷ് മാധവന്‍ കേസില്‍ കുടുങ്ങിയ സമയത്ത് സന്തോഷ് മാധവന് പിന്തുണയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയ ഭദ്രാനന്ദ തോക്കുചൂണ്ടുകയും വെടിവയ്പ് നടത്തുകയും ചെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു. അതിന് ശേഷമാണ് തോക്ക് സ്വാമി എന്ന് ഭദ്രാനന്ദ അറിയപ്പെട്ടുതുടങ്ങിയത്. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്‍റെ അടുത്തയാളാണെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ ‘ബാലേട്ടന്‍’ എന്നാണ് കോടിയേരിയെ പരാമര്‍ശിച്ചിരുന്നത്.

നടി കാവ്യാമാധവനെതിരെയുള്‍പ്പടെ ഒട്ടേറെ ‘യൂട്യൂബ് പ്രസംഗ’ങ്ങളും തോക്ക് സ്വാമിയുടേതായി കുപ്രസിദ്ധി നേടിയിരുന്നു.