അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ തനിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചാല്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെ പി സി സി അധ്യക്ഷനായിരിക്കുന്നിടത്തോളം ഒരു വിഷയത്തിലും വി എം സുധീരന്‍ സ്വന്തം അഭിപ്രായം പറയേണ്ടതില്ലെന്നും ഷാനിമോള്‍ പറയുന്നു. താന്‍ അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന എം എം ഹസന്‍, ലാലി വിന്‍സന്‍റ്, കെ പി സുരേഷ്‌ബാബു എന്നിവരടങ്ങിയ കമ്മിറ്റിയില്‍ പ്രതീക്ഷയുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറയുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന് ഏറ്റവും കൂടുതല്‍ കത്തെഴുതിയിട്ടുള്ളയാളാണ് സുധീരന്‍. പാര്‍ട്ടിയില്‍ ഗുണപരവും മാതൃകാപരവുമായ മാറ്റങ്ങള്‍ക്കുവേണ്ടിയാണ് കത്ത് നല്‍കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഞാന്‍ കത്തയച്ചതിന് പിന്നിലും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല - മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍ മനസുതുറക്കുകയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അവിടെ സ്വന്തം അഭിപ്രായം സുധീരന്‍ പറയാന്‍ പാടില്ല. വാക്കുകളിലും പ്രവൃത്തികളിലും ഞാനെന്ന ചിന്ത മാറ്റി നമ്മള്‍ എന്ന ചിന്തയിലേക്ക് സുധീരന്‍ വളരണമെന്നും ഷാനിമോള്‍ പറഞ്ഞു.