പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ലമെന്റേറിയനുമായിരുന്ന സി കെ ചന്ദ്രപ്പന്റെ പേരില്‍ ആരംഭിക്കുന്ന നിയമപഠന ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും.
ഇന്ത്യന്‍ അസോസ്സിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) ആണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 'സി കെ ചന്ദ്രപ്പന്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന് പേരിട്ടിരിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പകല്‍ നാലിന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി നിര്‍വഹിക്കും. ഗവേഷണ കേന്ദ്രത്തിന്റെ പ്രസിഡന്റ് ജസ്റ്റിസ് സി എസ് രാജനും സെക്രട്ടറി അഡ്വ പി കെ ചിത്രഭാനുവുമാണ്.
പൊതുജനങ്ങളിലെ നിയമസാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിനും നിയമ നിര്‍മാതാക്കളെ കൂടുതല്‍ സജ്ജരാക്കുന്നതിനും വിധികല്‍പ്പനകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിനുമാണ് നിയമപഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതെന്ന് ഐഎഎല്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ ജയശങ്കര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ ടി ആര്‍ എസ് കുമാര്‍, അഡ്വ പി എ അസ്സീസ് എന്നിവര്‍ അറിയിച്ചു.