സായി കേന്ദ്രത്തിലെ ആത്മഹത്യ; കുട്ടികളുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചെന്ന് പൊലീസ്

Webdunia
വ്യാഴം, 7 മെയ് 2015 (13:55 IST)
ആ‍ലപ്പുഴ സായി സെന്ററില്‍ വിഷക്കായ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പൊലീസ്. നാലുപേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പാണു ലഭിച്ചിട്ടുള്ളതെന്നു സായ് ഡയറക്ടര്‍ അറിയിച്ചു. അതേസമയം, റാഗിംഗിനെക്കുറിച്ച് കത്തില്‍ സൂചനയുള്ളതായി റിപ്പോര്‍ട്ടില്ല.
 
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സായ് ഡയറക്ടര്‍ ജനറല്‍ ഇന്നു കേരളത്തിലേക്കു തിരിക്കും. സായി സെന്ററില്‍ നാലു കുട്ടികള്‍ ആയിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതില്‍ അപര്‍ണ എന്ന കുട്ടി മരിച്ചിരുന്നു. ഒരു കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മറ്റു രണ്ടു കുട്ടികളുടെ നിലയും ഗുരുതരാവസ്ഥയിലാണ്.
 
സംഭവം ഇന്നു പാര്‍ലമെന്റിലും ചര്‍ച്ച ചെയ്തു. എം ബി രാജേഷ് എം പിയും കെ സി വേണുഗോപാല്‍ എം പിയുമാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. രാജ്യത്തെ എല്ലാ സായി കേന്ദ്രങ്ങളിലും പരിശോധന നടത്തണമെന്ന് എം ബി രാജേഷ് ആവശ്യപ്പെട്ടു.