സാമാജികര്‍ക്ക് സഭയ്ക്ക് പുറത്ത് പ്രത്യേക പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീകോടതി

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2014 (13:00 IST)
PRO
PRO
നിയമസഭ,​ പാര്‍ലമെന്റ് സാമാജികര്‍ക്ക് സഭയ്ക്കുള്ളില്‍ മാത്രമാണ് പ്രത്യേക പരിരക്ഷ ലഭിക്കുക എന്ന് വ്യക്തമാക്കുന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി. നിയമസഭയ്ക്കു പുറത്ത് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പ്രത്യേക പരിരക്ഷ ലഭിക്കില്ല. സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും മാത്രമാണ് സഭയ്ക്ക് പുറത്ത് പരിരക്ഷ ലഭിക്കുകയെന്നും കോടതി ഉത്തരവില്‍ പറയുന്നു. മധ്യപ്രദേശ് ലോകായുക്ത നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇത് രാജ്യത്തെ എല്ലാ ജനപ്രതിനിധികള്‍ക്കും ബാധകമായിരിക്കും.

നിയമനിര്‍മ്മാണ ചുമതലകള്‍ നിര്‍വഹിക്കേണ്ടിവരുന്നതിനാലാണ് സാമാജികര്‍ക്ക് സഭയ്ക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത്. പക്ഷേ സഭയ്ക്കു പുറത്ത് നിയമവിരുദ്ധമായ ഏതൊരു നടപടിക്കും സാധാരണ പൗരന്മാരെപോലെ നിയമനടപടി നേരിടേണ്ടിവരും എന്നും കോടതി വ്യക്തമാക്കി.

മധ്യപ്രദേശ് സെക്രട്ടേറിയറ്റില്‍ നിന്ന് നിയമസഭയിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചതില്‍ അഴിമതി നടന്നതായി ലോകായുക്ത കണ്ടെത്തിയിരുന്നു. പക്ഷേ സമാജികര്‍ക്കെതിരെ ലോകായുക്ത നടപടി സ്വീകരിച്ചത് അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എംഎല്‍എമാര്‍ ആരോപിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ലോകായുക്ത സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.