സരിതയുടെ മൊഴികളെന്ന നിലയില്‍ പുറത്തുവരുന്നത് ഒരുകെട്ട് നുണകളെന്ന് കോടതി. മന്ത്രിമാരുടെ പേരുകള്‍ സരിത മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും കോടതി രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സരിതയുടെ മൊഴികളെന്ന നിലയില്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും എറണാകുളം എസിജിഎം കോടതി പറഞ്ഞു.
സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്.
മൊഴി ജയിലില്‍ച്ചെന്ന് എഴുതി വാങ്ങാനുള്ള അഭിഭാഷകന്റെ അപേക്ഷ തള്ളിക്കൊണ്ട് ബുധനാഴ്ചക്ക് മുന്‍പ് പരാതി ജയില്‍ സൂപ്രണ്ട് വഴി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞദിവസം സരിതയുടെ മൊഴി രേഖപ്പെടുത്തിയാല്‍ അത് പുറത്തു വിടുമെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. മൊഴിയില്‍ സംസ്ഥാന- കേന്ദ്ര മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ സൂചന നല്‍കിയതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു.