വിവാഹത്തട്ടിപ്പുകാരി ശാലിനി ഇനി ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്ക്. ശാലിനി തട്ടിപ്പ് നടത്തി വിവാഹം കഴിച്ച പുരുഷന്‍മാരുടെ വീടുകളിലേക്ക് പൊലീസാണ് ശാലിനിയെ തെളിവെടുപ്പിനായി കൊണ്ടുപോകുക. ഏറ്റവും അവസാനം തട്ടിപ്പിനിരയായ വെള്ളൂത്തുരുത്തിയിലെ ഓട്ടോ ഡ്രൈവര്‍ ശശീന്ദ്രന്‍ നായരുടെ വീട്ടിലേക്കാണ് ശാലിനിയെ ആദ്യം കൊണ്ടുപോയത്. എട്ടുമാസം മുമ്പ് വിവാഹം കഴിച്ച കാവാലം സ്വദേശി രാജേഷിന്‍റെ വീട്ടിലേക്കും ശാലിനിയെ എത്തിക്കും.
പരാതി ലഭിക്കുന്നതിനനുസരിച്ച് ഇതുവരെ തട്ടിപ്പിനിരയായിട്ടുള്ള മുഴുവന്‍ പുരുഷന്‍മാരുടെ വീടുകളിലേക്കും തെളിവെടുപ്പിനായി പൊലീസ് ശാലിനിയെ എത്തിക്കുമെന്നാണ് അറിയുന്നത്. ചിങ്ങവനം എസ്ഐ എസ് നിസാമിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് ശാലിനിയെ പഴനിയില്‍ നിന്ന് പിടികൂടിയത്. കോട്ടയം കുഴിമറ്റം വെള്ളൂത്തുരുത്തിയിലെ ഓട്ടോ ഡ്രൈവര്‍ ശശീന്ദ്രന്‍ നായരെ വിവാഹം ചെയ്ത ശേഷം അഞ്ച് പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയുമായി മുങ്ങിയതോടെയാണ് ശാലിനി വാര്‍ത്തകളില്‍ നിറഞ്ഞത്.
വിവാഹത്തട്ടിപ്പ് കൂടാതെ മറ്റ് പല തട്ടിപ്പുകളിലും ശാലിനി പങ്കാളിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുക ഇവരുടെ സ്ഥിരം പരിപാടിയായിരുന്നുവത്രെ. ശാലിനിക്കൊപ്പം ഒരു സംഘവും പ്രവര്‍ത്തിച്ചിരുന്നു എന്ന് സംശയമുണ്ട്. ഇതേപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.