വൈദ്യുതി ബോര്‍ഡില്‍ നിയമനനിരോധനം!

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (19:59 IST)
PRO
PRO
വൈദ്യുതി ബോര്‍ഡില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തി. മൂന്നു വര്‍ഷ കാലത്തേക്ക് ഒരു തസ്തിക പോലും വര്‍ദ്ധിക്കാത്ത പുനഃക്രമീകരണം നടപ്പാക്കാനുള്ള ഉത്തരവ് കെഎസ് ഇ ബി പുറപ്പെടുവിച്ചു. ഇനി മുതല്‍ പുതിയ തസ്തികകള്‍ പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നത് ബോര്‍ഡ് യോഗത്തിന്റെ അംഗീകാരത്തിനു വിധേയമായി മതിയെന്നും തീരുമാനമായി.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ചെലവ് വര്‍ദ്ധിക്കുന്നതു സംബന്ധിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ രൂക്ഷവിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ക്ക് കെ എസ് ഇ ബി തുടക്കമിട്ടത്. ഇതു സംബന്ധിച്ച ഉത്തരവ് കെ എസ് ഇ ബി ഏപ്രില്‍ അഞ്ചിന് പുറപ്പെടുവിച്ചു. കഴിഞ്ഞ ഡിസംബര്‍ 31ലെ നിലയില്‍ നിന്ന് ഒരു തസ്തിക പോലു അടുത്ത മൂന്നു വര്‍ഷത്തേക്ക് വര്‍ദ്ധിക്കാതെ നോക്കണം എന്നാണ് തീരുമാനം. അതോടൊപ്പം പുതിയ തസ്തികകള്‍ പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യുന്നത് ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കണം എന്നും ഉത്തരവിലുണ്ട്. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് മാനവവിഭവ ശേഷി വിഭാഗം ചീഫ് എഞ്ചിനീയര്‍ അവ പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന ഇപ്പോഴത്തെ രീതിക്ക് മാറ്റം വരുത്തി.

ബോര്‍ഡിന്റെ വിവിധ വിഭാഗങ്ങളില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയ സാഹചര്യത്തില്‍ ജീവനക്കാരുടെ ആവശ്യകത പുനര്‍നിര്‍ണ്ണയിക്കാനാണ് തീരുമാനം. ഓരോ വിഭാഗത്തിലും വേണ്ട ജീവനക്കാരുടെ എണ്ണം വെവ്വേറെ നിര്‍ണ്ണയിക്കും. ഇതിനു മുമ്പായി ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജീവനക്കാരുടെ ആവശ്യകത പുനര്‍നിര്‍ണ്ണയിക്കുന്നതിന് കണ്‍സള്‍ട്ടന്റിനെ നിയോഗിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനെയോ മറ്റേതെങ്കിലും വിദഗ്ദ്ധ ഏജന്‍സിയെയോ ആണ് കണ്‍സള്‍ട്ടന്‍സിയാക്കുക. കണ്‍സള്‍ട്ടന്‍സി ഒരു വര്‍ഷത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം.

വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക ചെലവില്‍ 23 ശതമാനം വരെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് വിനിയോഗിക്കുന്നത്. ഇതിനോട് റെഗുലേറ്ററി കമ്മീഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ഡിഎയും പെന്‍ഷനും നല്‍കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഉള്ള ജീവനക്കാരുടെ ശേഷി കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള മറുപടിയെന്ന നിലയ്ക്കാണ് തസ്തികകള്‍ വര്‍ദ്ധിക്കാത്ത രീതിയില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.