പാര്‍ട്ടി അച്ചടക്ക നടപടികള്‍ നേരിടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകില്ല. വി എസിന് പരസ്യശാസന നല്‍കാന്‍ സി പി എം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി മുമ്പാകെ വച്ചു. വി എസിനെതിരെ കടുത്ത നടപടി വേണമെന്ന സംസ്ഥാന ഘടകത്തിന്‍റെ ആവശ്യം തള്ളിയാണ് പി ബി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. കേന്ദ്രകമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു.
തെറ്റ് പറ്റിയെന്ന് വി എസ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തുറന്നു സമ്മതിക്കണമെന്നും പി ബി നിര്‍ദ്ദേശമുള്ളതായാണ് അറിയുന്നത്. വി എസിനെതിരെ കടുത്ത നടപടി പാടില്ലെന്ന നിലപാടാണ് പശ്ചിമ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നുമുള്ള നേതാക്കള്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചതെന്നാണ് സൂചന. ദില്ലി, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും വി എസിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
അതേസമയ, എം എം മണിക്കെതിരെ കടുത്ത നടപടികള്‍ കൈകൊള്ളാന്‍ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെടാനും പി ബിയില്‍ തീരുമാനമായിട്ടുണ്ട്. ഈ വിഷയം കൈകാര്യം ചെയ്തതില്‍ സംസ്ഥാന ഘടകത്തിന് വീഴ്ച വരുത്തിയെന്ന വിലയിരുത്തലും പി ബിയില്‍ ഉണ്ടായെന്നാണ് സൂചന.