വിമാ‍നത്തില്‍ ബോംബെന്ന് അഭ്യൂഹം; പരിശോധനയില്‍ കിട്ടിയത് സ്വര്‍ണക്കട്ടി!

Webdunia
ശനി, 10 മെയ് 2014 (09:28 IST)
കരിപ്പൂരിലിറങ്ങിയ എയര്‍അറേബ്യ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കാണപ്പെട്ട പൊതിക്കെട്ട്‌ ബോംബാണെന്ന അഭ്യൂഹത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതു രണ്ടുകിലോയുടെ സ്വര്‍ണക്കട്ടി. ബോംബാണെന്ന സംശയത്തെ തുടര്‍ന്നു വിമാനം മാറ്റിയിട്ടു പരിശോധിച്ചപ്പോഴാണ് പൊതിക്കെട്ടില്‍ ഓരോ കിലോവീതമുള്ള രണ്ടു സ്വര്‍ണക്കട്ടി കണ്ടെടുത്തത്‌.  പുലര്‍ച്ചെ അഞ്ചിനു ഷാര്‍ജയില്‍ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. പിടികൂടിയ രണ്ടു കിലോ സ്വര്‍ണത്തിനു 61 ലക്ഷം രൂപ വില ലഭിക്കും.  
 
പുലര്‍ച്ചെ നാലിനു വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ നിലയിലാണു പൊതിക്കെട്ടുകള്‍ കണ്ടത്‌. സംഭവം ആദ്യം കണ്ട എയര്‍ഹോസ്‌റ്റസ്‌ പൈലറ്റുമാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വിമാനം ലാന്‍ഡ്‌ ചെയ്‌തപ്പോള്‍ ബോക്‌സിനെ കുറിച്ചു വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. ശേഷം ബോംബ്‌ സ്‌ക്വാഡ്‌, ഡോഗ്‌ ‌സ്ക്വാഡ്‌, ഫയര്‍ഫോഴ്‌സ്, സുരക്ഷാസേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധനക്കെത്തിയത്‌. 
 
ശേഷം വിമാനം ഐസുലേഷന്‍ ബേയിലേക്കു മാറ്റിയാണു പരിശോധിച്ചത്‌. യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയാണു ബോംബ്‌ സക്വാഡ്‌ ടോയ്‌ലറ്റില്‍ കാണപ്പെട്ട ബോക്‌സുകള്‍ പരിശോധിച്ചതോടെയാണു സ്വര്‍ണമാണെന്നു കണ്ടെത്തിയത്‌. സ്വര്‍ണം പിന്നീട്‌ എയര്‍കസ്‌റ്റംസ്‌ ഇന്റലിജന്‍സിനു കൈമാറി. ടോയ്‌ലറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതാരാണെന്നതിനെ കുറിച്ചു യാതൊരു സൂചനയും ലഭിച്ചിട്ടില്ല.