വിമാനയാത്രയില്‍ മുമ്പന്‍ മുഖ്യന്‍

Webdunia
ചൊവ്വ, 25 നവം‌ബര്‍ 2008 (17:37 IST)
KBJWD
വിമാനയാത്രയ്ക്കും അതിഥി സത്ക്കരത്തിനും ടെലിഫോണ്‍ വിളികള്‍ക്കുമായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മുപ്പത് ലക്ഷത്തോളം രൂപ ചെലവാക്കി.

ദേവസ്വം മന്ത്രി ജി. സുധാകരന്‍ വിമാനയാത്രയ്ക്കായി ഇതുവരെ ഒരു പൈസപോലും ചെലവാക്കിയില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും അധികം വിമാനയാത്ര നടത്തിയത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്. 15,84,206 രൂപയാണ് മുഖ്യമന്ത്രി ഇതുവരെ വിമാനക്കൂലി ഇനത്തില്‍ ചെലവാക്കിയത്.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തൊട്ടുപിറകിലുണ്ട് - 10,73,569 രൂപ. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി 9,81,223 രൂപയും ചെലവാക്കി. ടെലിഫോണ്‍ ചാര്‍ജിനത്തിലും മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍. 9,25,664 രൂപ വി.എസ് ചെലവാക്കിയപ്പോള്‍ എം.എ ബേബി 5,35,794 രൂപയ്ക്ക് ഫോണ്‍ വിളിച്ചു.

അതിഥികളെ സത്ക്കരിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി തന്നെയാണ് മുന്നില്‍. 5, 07,568 രൂപ സത്ക്കാരത്തിനായി അദ്ദേഹം ചെലവാക്കി. ധനമന്ത്രി ഡോ.തോമസ് ഐസക് 2,15,613 രൂപയ്ക്ക് അതിഥികളെ സത്ക്കരിച്ചു. ഈയിനത്തിലും സഹകരണ മന്ത്രി വളരെ പിന്നിലാണ് - 50,344 രൂപ മാത്രം.

വീട്ടുപകരണങ്ങള്‍ വാങ്ങാനും മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും ഒരു കോടി എട്ട് ലക്ഷത്തില്‍പ്പരം രൂപയാണ് ഇതുവരെ ചെലവാക്കിയത്.