വിഭാഗീയത ആശയത്തിന്‍റെ പേരിലല്ല, അധികാരമോഹമാണ് കാരണം: കാരാട്ട്

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2012 (21:02 IST)
PTI
അധികാരമോഹമാണ് സംസ്ഥാനത്തെ സി പി എമ്മില്‍ വിഭാഗീയതയ്ക്ക് കാരണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. മാധ്യമങ്ങളുടെ കൂട്ടായ ആക്രമണം പാര്‍ട്ടിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചതായും കാരാട്ട് പറഞ്ഞു.

ഔട്ട്ലുക്‌ മാഗസിന്‍റെ മലയാളം ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്‍റെ ഈ തുറന്നുപറച്ചില്‍.

കേരളത്തിലെ വിഭാഗീയതയ്ക്ക് 20 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ വിഭാഗീയത പാര്‍ലമെന്‍ററി വ്യാമോഹത്തില്‍ അധിഷ്ഠിതമാണ്. അല്ലാതെ ആശയസമരങ്ങളുടെയൊന്നും പേരില്‍ അല്ല. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ കൂട്ടായ ആക്രമണമാണ്‌ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചത്. പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിയിട്ടുണ്ടെങ്കില്‍ അതു വീണ്ടെടുക്കുമെന്നും കാരാട്ട് പറയുന്നു.

പാര്‍ട്ടിക്കു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത്‌ തിരുത്താനും പാര്‍ട്ടിക്ക്‌ കഴിയും. അല്ലാതെ, പാര്‍ട്ടിയെ തിരുത്താന്‍ എസ് എഫ് ഐയെ ചുമതലപ്പെടുത്തിയിട്ടില്ല - കാരാട്ട് വ്യക്തമാക്കി.