വിനയന്‍ ചോദിക്കുന്നു- “ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ മാത്രം ഗതികേടിലോ സിപി‌എം?“

Webdunia
വെള്ളി, 7 മാര്‍ച്ച് 2014 (16:06 IST)
PRO
PRO
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലം സ്ഥാനാര്‍ഥിയായി നടന്‍ ഇന്നസെന്റിനെ തെരഞ്ഞെടുത്ത സിപി‌എം നടപടിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റ് സ്വന്തം നാട്ടുകാരനായ നടനെ അപഹസിച്ചു സംസാരിച്ചെന്നും സൂപ്പര്‍ താരങ്ങളുടെ ഏജന്റാണെന്നും വിനയന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. വിനയന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ശ്രീമാന്‍ ഇന്നസെന്റിനെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ചിന്തിക്കുന്നതു വഴി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് എങ്ങോട്ടെന്ന് കൂടുതല്‍ പ്രകടമാകുകയാണ്. മഹാന്‍മാരായ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ ഉയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യമാകെ തകര്‍ക്കുന്ന രീതിയിലാണ് ചില ഇടങ്ങളില്‍ സിപിഎം സ്ഥാനര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. 'അമ്മ' എന്ന സംഘടനയുടെ പ്രസിഡന്റായി ഇരുന്നുകൊണ്ട് സൂപര്‍ താരങ്ങളുടെ ഏജന്റായി മാത്രം പ്രവര്‍ത്തിക്കുന്ന ഇന്നസെന്റ് ഇവിടുത്തെ സാധാരണ ജനങ്ങളെ പാര്‍ലമെന്റിലെ കോമഡി പറഞ്ഞ് രസിപ്പിക്കുമെന്നാണൊ സിപിഎം ധരിക്കുന്നത്? സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മഹാനായ സുകുമാര്‍ അഴീക്കോടിനെ പോലും ചാനലുകളില്‍ കയറിയിരുന്ന് നികൃഷ്ടമായി പരിഹസിക്കാന്‍ തയ്യാറായ ആളാണ് ശ്രീ ഇന്നസെന്റ് എന്ന കാര്യം കേരളജനത മറന്നിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' ചിത്രമെടുത്തപ്പോള്‍ അതിലഭിനയിക്കാമെന്ന് നിര്‍മ്മാതാവ് വിന്ധ്യനോടും, എന്നോടും വാക്കു പറഞ്ഞ ഇന്നസെന്റ് - സിനിമയില്‍ അന്നാരുമല്ലാത്ത ചാലക്കുടിക്കാരന്‍ ഒരു കോമഡി താരമാണ് നായകനെന്നറിഞ്ഞപ്പോള്‍ - അയാളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച് - ഇങ്ങനെയുള്ളവര്‍ നായകരാകുന്ന ചിത്രത്തിലൊന്നും അഭിനയിക്കാന്‍ എന്നെ കിട്ടില്ല എന്നു പറഞ്ഞ് പിന്‍മാറിയ കാര്യം ഈ അവസരത്തില്‍ ഓര്‍ത്തുപോവുകയാണ്. ഞാനിക്കാര്യം നേരത്തെ പലയിടത്തും എഴുതുകയും, പറയുകയും ചെയ്തിട്ടുള്ളതാണ്.

ഒടുവില്‍ ശ്രീ ജനാര്‍ദ്ദനനാണ് ഇദ്ദേഹത്തിനു പകരം ആ വേഷം ചെയ്തത്. രണ്ടു നാഷണല്‍ അവാര്‍ഡ് നേടിയ ആ ചിത്രം ആരുമല്ലാതിരുന്ന ആ കോമഡി നടനെ പലതുമാക്കി മാറ്റി - ഇന്നു ചിലപ്പോള്‍ ശ്രീ ഇന്നസെന്റിന്റെ പുറകെ ചെങ്കൊടിയും പിടിച്ചുകൊണ്ട് ആ നടനും ഉണ്ടാകും. അതു തന്നെയാണ് 'അമ്മ' എന്ന സംഘടനയുടെ ഫാസിസത്തിന്റെ പ്രത്യേകത. അതു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തമെന്ന് ഞാന്‍ വിശേഷിപ്പിക്കുന്നതും. ഇന്നും തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ സിനിമ ഏതു വിധേനയും മുടക്കാനും തീയറ്ററില്‍ കളക്ഷന്‍ കുറയ്ക്കുന്ന താര ഷോകള്‍ സംഘടിപ്പിക്കാനും, കുറെ പരസ്യ ചിത്രങ്ങള്‍ ചെയ്ത് കാശുണ്ടാക്കാനും ശ്രമിക്കുന്നു എന്നതില്‍ കവിഞ്ഞ് അമ്മ പ്രസിഡന്റായ ശ്രീ ഇന്നസെന്റ് സിനിമാ ഇന്‍ഡസ്ട്ട്രിക്കു വേണ്ടി പൊതുവെ എന്തെങ്കിലും ചെയ്തതായി അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ പോലും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ ഈ നേതാവിനു കഴിയുമെന്ന് സിപിഎം കണ്ടെത്തിയതില്‍ സന്തോഷമുണ്ട്.

പ്രതികരിച്ചു കുറെ ശത്രുക്കളെ ഉണ്ടാക്കാമെന്നല്ലാതെ ഇതുകൊണ്ട് ഒരു ഗുണവുമില്ലെന്നറിയാം. പക്ഷെ പ്രതികരിക്കാതിരിക്കാന്‍ എനിക്കു പറ്റുന്നില്ല - കാറല്‍ മാര്‍ക്സ് കമ്മ്യൂണിസം ഇവിടുത്തെ സിപിഎമ്മിനു തീറെഴുതിക്കൊടുത്തിട്ടൊന്നുമില്ലല്ലൊ എന്നു കുറെ നാളെങ്കിലും ആ പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടായിരുന്ന ഈ എളിയ പ്രജ സ്വയം ആശ്വസിക്കുന്നു.“

പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളാണ് ഫേസ്ബുക്കിലുള്ളത്. വിനയന്‍ സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തു.