വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഹെഡ്മാസ്റ്റര്‍ വിശദീകരണം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

Webdunia
ബുധന്‍, 7 മെയ് 2014 (17:07 IST)
മലപ്പുറം ജില്ലയിലെ അരീക്കോട് എസ് ഒ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്‌കൂളില്‍ ഇക്കൊല്ലം ഒന്‍പതാം ക്ലാസ്സില്‍ പരാജയപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരക്കടലാസുകളും അനുബന്ധരേഖകളും സഹിതം മെയ് 15ന് രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹെഡ്മാസ്റ്റര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചത്. 
 
സംഭവത്തില്‍ മേയ് 15നുമുന്‍പ് വിശദീകരണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോടും ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസ്സില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായി ഒന്‍പതാം ക്ലാസ്സില്‍ കുട്ടികളെ തോല്‍പിക്കുന്ന പ്രവണതയെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഇത്തരം പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.