വാളകം സംഭവത്തില്‍ തനിക്ക് ദു:ഖമുണ്ട്: പിള്ള

Webdunia
ബുധന്‍, 15 ഫെബ്രുവരി 2012 (09:25 IST)
PRO
PRO
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് പരുക്കേറ്റ സംഭവത്തില്‍ തനിക്ക് ദു:ഖമുണ്ടെന്ന് കേരളകോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. തടവില്‍ കഴിയവെ വാളകം സംഭവത്തില്‍ അതിക്രൂരമായ മാനസിക പീഡനം താന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടിക്കാര്‍ പോലും മൗനം പാലിച്ചതില്‍ അതിയായ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി എം തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാനോ പ്രതികരിക്കാനോ തന്നെ സ്നേഹിക്കുന്നവരുള്‍പ്പെടെ ആരും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിയോട്‌ താനും അഭ്യര്‍ഥിച്ചിരുന്നെന്നും പിള്ള പറഞ്ഞു.

താന്‍ മന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ കൃഷ്ണകുമാറിന്റെ പിതാവായിരുന്ന രാഘവന്‍ പിള്ളയായിരുന്നു സ്കൂള്‍ മാനേജര്‍. ഈ സമയത്താണ്‌ മകനെയും പിന്നീട്‌ മരുമകളേയും സ്കൂളില്‍ നിയമിച്ചത്‌. താന്‍ കോഴ വാങ്ങി എന്നു പറയുന്നവര്‍ കൃഷ്ണകുമാറിന്റെ പിതാവായ മാനേജര്‍ സ്ഥാനം വഹിച്ച പരേതനായ രാഘവന്‍ പിള്ള കോഴ വാങ്ങി എന്നാണ്‌ പറയേണ്ടത്‌. താന്‍ ഒട്ടേറെ സഹായിച്ച കുടുംബമാണ്‌ അധ്യാപകന്റേത്‌. അധ്യാപകന്റെ മൊഴിമാറ്റങ്ങള്‍ സംശയാസ്പദമാണെന്നും പിള്ള പറഞ്ഞു. വാളകത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.