ഓണക്കാലം അടുത്തതോടെ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നുണ്ടായ വന്‍ വാണിജ്യ നികുതി റെയ്‍ഡ് പോത്തന്‍കോട്ട് സംഘര്‍ഷത്തിനിടയാക്കി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നിരവധി സ്ഥാപനങ്ങളില്‍ വാണിജ്യ നികുതി വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജേഷ് ടി നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മിന്നല്‍ പരിശോധന നടത്തിയതില്‍ 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല, നെടുമങ്ങാട്, ആറ്റിങ്ങല്‍, കല്ലമ്പലം, കാട്ടാക്കട, പോത്തന്‍കോട് തുടങ്ങി പതിനൊന്ന് കേന്ദ്രങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഓണത്തിനു മുന്നോടിയായുള്ള ഈ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
മിക്ക കേന്ദ്രങ്ങളിലും പരിശോധന സുഗമമായി നടന്നെങ്കിലും പോത്തന്‍കോട് ഒരു ജുവലറിയിലും ഒരു ടെക്സ്റ്റയില്‍ ഷോപ്പിലും നടത്തിയ റെയ്‍ഡാണു സംഘര്‍ഷത്തിനിടയാക്കിയത്. റെയ്‍ഡിനെതിരെ വ്യാപാരികള്‍ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടഞ്ഞപ്പോള്‍ കടകള്‍ പൂട്ടി സീല്‍ വയ്ക്കുമെന്ന് ഉദ്യോഗസ്ഥരും വാശിവച്ചതോടെ പ്രശ്നം രൂക്ഷമായി. തുടര്‍ന്ന് പൊലീസ് എത്തിയാണു റെയ്‍ഡ് നടത്തിയത്.