വള്ളംകളി വേദിയില്‍ ഭരണപക്ഷ നേതാവ് ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചു; ശ്വേതാ മേനോന്‍ കരഞ്ഞുകൊണ്ടു വേദി വിട്ടു

ശനി, 2 നവം‌ബര്‍ 2013 (09:49 IST)
PRO
കൊല്ലത്ത് ജലോത്സവ ചടങ്ങിനിടെ ജനപ്രതിനിധിയായ പ്രമുഖ ഭരണപക്ഷ നേതാവ് അപമാനിച്ചതായി നടി ശ്വേതാ മേനോന്‍. ഭരണപക്ഷത്തുള്ള ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ശ്വേതയുടെ പരാതി.

ഇയാള്‍ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേതാ മേനോന് പറഞ്ഞു‍. കാറില്‍ നിന്നിറങ്ങി
കെഎസ്ആര്‍ടിസി. ബസ്‌സ്റ്റേഷനു മുന്നിലെ വേദിയില്‍ ഉദ്ഘാടനച്ചടങ്ങില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു.

വള്ളംകളി മുഴുവന്‍ സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍മുറിയിലേക്ക് പെട്ടെന്നു മടങ്ങി.
ഹോട്ടലിലെത്തിയ ആര്‍ഡിഒയോട് ശ്വേത കരഞ്ഞുകൊണ്ടാണത്രെ കാര്യങ്ങള്‍ വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു.

ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും വിവരം അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആരോപണ വിധേയനായ നേതാവ് പിന്നീട് ശ്വേതയെ വിളിച്ചതായും തിരക്കില്‍പ്പെടാതെ സംരക്ഷണം ഒരുക്കുകമാത്രമേ ചെയ്തുള്ളൂവെന്നും പറഞ്ഞതായാണറിവ്.

നിരവധി ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു. അപമാനിച്ചതാരെന്ന് ശ്വേത മാധ്യമങ്ങളോട് പരസ്യമാക്കിയില്ലെങ്കിലും കളക്ടര്‍ അടക്കമുള്ളവരോട് പറഞ്ഞിട്ടുണ്ട്.

തന്നെപ്പോലൊരു വ്യക്തിക്ക് ഇത്തരമൊരു അനുഭവമുണ്ടായെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്വേത ചോദിച്ചു, സംഭവത്തെപ്പറ്റി രേഖാമൂലം ആര്‍ക്കും പരാതി നല്‍കിയിട്ടുമില്ല.

പീതാംബരക്കുറുപ്പ് എം‌പി അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ നടന്‍ കലാഭവന്‍ മണി, തുടങ്ങിയവരടക്കം പ്രമുഖരുടെ സാന്നിധ്യം വള്ളംകളിക്കുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക