യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു

Webdunia
തിങ്കള്‍, 25 ജൂണ്‍ 2012 (18:25 IST)
PRO
PRO
പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ലിജി(19) ആണ് മരിച്ചത്. ജൂണ്‍ എട്ടാം തീയതിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ യുവാവ്‌ ലിജിയെ ആക്രമിക്കുകയായിരുന്നു.

വര്‍ക്കലയിലെ ഒരു സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ ലിജി ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ്‌ കൈയില്‍ പിടിച്ചുവലിക്കുകയായിരുന്നു. പിടിവലിക്കിടെ നിലത്തുവീണ ലിജിയുടെ ദേഹത്തുകൂടി ഇയാള്‍ ബൈക്ക്‌ കയറ്റിയിറക്കി.

ഗുരുതരമായി പരുക്കേറ്റ ലിജിയെ വര്‍ക്കല ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ലിജി മരണത്തിന് കീഴടങ്ങിയത്. ആക്രമിച്ച യുവാവിനെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴിനല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി തിങ്കളാഴ്ച വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.