മൂവാറ്റുപുഴ ജില്ല: ഇടുക്കിയെ മുറിക്കരുതെന്ന് പി ജെ ജോസഫ്

Webdunia
വെള്ളി, 27 ജനുവരി 2012 (14:12 IST)
PRO
PRO
മൂവാറ്റുപുഴ ജില്ല രൂപികരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മന്ത്രി പി ജെ ജോസഫ്. എന്നാല്‍ ഇടുക്കിയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയുടെ ചരിത്രമറിയാവുന്നവര്‍ ജില്ലയെ വെട്ടിമുറിക്കണമെന്ന്‌ ആവശ്യപ്പെടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട്‌ ചേര്‍ക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്‌ എം പിമാര്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇടുക്കിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ഒരു നടപടിയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ലയും വിവിധ താലൂക്കുകളും വില്ലേജുകളും അനുവദിക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എറണാകുളം, ഇടുക്കി ജില്ലകള്‍ വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കാന്‍ മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ബാബുപോള്‍ കമ്മീഷന്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.