മാണി വന്നാല്‍ ആലോചിക്കും, ബിംബത്തെ ഉയര്‍ത്തിക്കാട്ടില്ല: ദിവാകരന്‍

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (12:46 IST)
PRO
ഇടതുമുന്നണിയുടെ നിലപാടുകളെ അംഗീകരിച്ചു കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി ഇറങ്ങുവന്നാല്‍ മുന്നണിയിലെടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്ന് മന്ത്രി സി ദിവാകരന്‍. ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി കോഴിക്കോട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ ദിവാകരന്‍.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരു ബിംബത്തെ ഉയര്‍ത്തിക്കാട്ടി നേരിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ വലിയ നേതാവാണ്. എങ്കിലും, ഒരു ബിംബത്തെ ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണിക് ഉദ്ദേശിക്കുന്നില്ല. ഇതിനായി ശക്തമായ ഒരു നേതൃനിര തന്നെ എല്‍ ഡി എഫിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ വികസനവാര്‍ത്തകള്‍ ചില പത്രങ്ങള്‍ ചരമക്കോളത്തില്‍ ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക്‌ അരി നല്‍കുമെന്ന വാര്‍ത്ത വായിക്കണമെങ്കില്‍ ഭൂതക്കണ്ണാടി വയ്ക്കണം. 1957ലെ സര്‍ക്കാരിനു ശേഷം ഏറ്റവുമധികം അടിസ്ഥാനവികസനം കൊണ്ടുവന്ന സര്‍ക്കാരാണ് ഇത്.

അതേസമയം, വി എസിനും മകനുമെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ജയിലിലേക്കു പോകുന്നതിനു മുമ്പ് മറ്റുള്ളവരുടെ ദേഹത്തു ചെളി തെറിപ്പിക്കാനാണു കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. എത്ര ഉദ്യോഗസ്ഥര്‍ ഏതെല്ലാം രാജ്യത്തു പോകുന്നുവെന്നും ഇതെല്ലാം സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയുമോയെന്നും കരീം ചോദിച്ചു. അരുണ്‍ കുമാറിനെതിരെ പരാതിയുണ്ടെങ്കില്‍ എഴുതി തരട്ടെയെന്നും അപ്പോള്‍ അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.