മലപ്പുറത്തെ എയ്ഡഡ് സ്കൂള്‍ പ്രശ്നം മുസ്ലീം ലീഗിന്റെ പ്രശ്നമല്ലെന്ന് മന്ത്രി എം കെ മുനീര്‍. വിദ്യാഭ്യാസ വകുപ്പിന്റെ പ്രശ്നമായി ഇതിനെ കാണണമെന്നും മുനീര്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ എംഎ ബേബി ശുപാര്‍ശ ചെയ്ത കാര്യം ഇപ്പോഴത്തെ മന്ത്രി ക്യാബിനറ്റിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നു എന്നേയുള്ളൂവെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ താഴെയിറക്കുമെന്ന എന്‍ എസ് എസിന്റെ പ്രസ്താവനയോടും മുനീര്‍ പ്രതികരിച്ചു. സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതും താഴെയിറക്കുന്നതും സമുദായ സംഘടനകളല്ലെന്നും ജനങ്ങളാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുനീര്‍.
എന്‍എസ്‌എസിന്റെ മൊത്തം അഭിപ്രായമായിട്ടാണോ ഇത്തരം അഭിപ്രായപ്രകടനങ്ങളെന്ന് വ്യക്തമാക്കണം. വര്‍ഗീയ ധ്രുവീകരണം എന്ന പല്ലവി ആര്‍ത്തിച്ച് മുന്നോട്ടുപോകുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ സമവായമാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു.
ഒരു സംഘടന ഒരു കാര്യം പറയുമ്പോള്‍ സാമൂഹ്യനീതിയും മറ്റൊരു സംഘടന ഒരു കാര്യം പറയുമ്പോള്‍ നീതി നിഷേധവുമാണെന്ന കാഴ്ചപ്പാട് വേദനാജനകമാണെന്നും മുനീര്‍ തുറന്നടിച്ചു.