മകന്റെ ബീജം മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് ലോകായുക്ത

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (10:39 IST)
PRO
PRO
മരിച്ചുപോയ മകന്റെ ബീജം തിരിച്ചുകിട്ടാന്‍ വൃദ്ധദമ്പതികളുടെ പോരാട്ടത്തിന് വിജയം. അച്ഛനും അമ്മയ്ക്കും മകന്റെ ബീജം തിരികെ നല്‍കാന്‍ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവിറക്കി. കറുകുറ്റി കുഞ്ഞാശേരി രവികുമാറും ഭാര്യ കാര്‍ത്യായനിയും സമര്‍പ്പിച്ച ഹര്‍ജിയെതുടര്‍ന്നാണ് നടപടി.

ഇവരുടെ മകന്‍ രതീഷ്കുമാര്‍ (28) ക്യാന്‍സര്‍ ബാധിച്ച് 2011 ജനുവരി അഞ്ചിനാണ് മരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ക്യാന്‍സര്‍ ചികിത്സയ്ക്ക് മുന്‍പ് ബീജം ശേഖരിച്ച് എറണാകുളം ചേരാനല്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് ആന്റ് അസിസ്റ്റേഡ് റീപ്രൊഡക്ഷനില്‍(സിമാര്‍) സൂക്ഷിച്ചിരുന്നു. രതീഷ്കുമാറിന്റെ മരണത്തെതുടര്‍ന്ന് മാതാപിതാക്കള്‍ ബീജം തിരികെ കിട്ടണമെന്ന് ആവശ്യമുന്നയിച്ചു. എന്നാല്‍ ബീജത്തിന്റെ ഉടമ ജീവിച്ചിരിപ്പില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം സിമാര്‍ നിരാകരിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ അഡ്വ അനിയന്‍ പി വക്കം മുഖേന ലോക്അദാലത്തിനെ സമീപിച്ചത്. ബീജം സ്വീകരിക്കാന്‍ ബന്ധുവായ സ്ത്രീ സന്നദ്ധയാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ബീജം തിരികെ നല്‍കാന്‍ അല്‍പ്പം സമയംകൂടി അനുവദിക്കണമെന്ന് സിമാര്‍ അധികൃതര്‍ ലോക് അദാലത്തിനെ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് മാറ്റിവച്ചു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ബീജം തിരികെ നല്‍കാന്‍ വിധിയുണ്ടായത്.