മോഷ്ടിച്ച ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തുന്ന അമ്മായിഅപ്പനും മരുമകനും പിടിയില്‍. കല്‍പ്പറ്റ കോട്ടത്തറ കമ്പലക്കാട് തൊമ്മന്‍വളപ്പില്‍ ഹംസ (30), ഭാര്യാപിതാവ് താമരശേരി അമ്പായത്തോട് ലക്ഷംവീട് കോളനി പളളിപ്പുറം വാടിക്കല്‍ ഹംസ എന്ന സലീം (54) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രധാനമായും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തിയിരുന്നതെന്നും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 23 കവര്‍ച്ചകള്‍ സംബന്ധിച്ച് വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു.
ബൈക്ക് മോഷ്ടിച്ച് വിവിധ പ്രദേശങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് കവര്‍ച്ച നടത്തിയ ശേഷം വണ്ടി ഉപേക്ഷിക്കുകയാണ് ഇവരുടെ രീതിയെന്ന് ഡിവൈഎസ് പി കെ സലീം പറഞ്ഞു. മോഷ്ടിച്ച ഒരു മൊബൈല്‍ ഫോണുമായി കുറച്ചുകാലം മുമ്പ് ഹംസ എന്ന സലീമിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയില്‍ പരപ്പനങ്ങാടി കൂട്ടുമൂച്ചിക്കലിലെ പെട്രോള്‍ പമ്പിന്‍െറ ഗ്ളാസ് അടിച്ചു തകര്‍ത്ത് 60000 രൂപ കവര്‍ന്നതാണ് ഇരുവരും ചേര്‍ന്ന് കവര്‍ച്ച ചെയ്തിരുന്നു. പുതിയ കവര്‍ച്ച ആസൂത്രണം ചെയ്ത് തിരൂരിലെത്തിയപ്പോഴാണ് താനൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ഇവര്‍പിടിയിലായത്. 14000 രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ച് ഉപേക്ഷിച്ചതില്‍ നാല് ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.
വേങ്ങര കുറ്റാളൂര്‍ വിഷ്ണു ക്ഷേത്രം, കല്‍പകഞ്ചേരി സ്വയംഭൂ ശിവക്ഷേത്രം, കോട്ടക്കല്‍ ഇന്ത്യനൂര്‍ ഗണപതി ക്ഷേത്രം, കോട്ടക്കല്‍ ചേങ്ങോട്ടൂര്‍ മണ്ണഴി ശിവക്ഷേത്രം, ചേങ്ങോട്ടൂര്‍ പൂവില്‍ ഭഗവതി ക്ഷേത്രം, കാടാമ്പുഴ പറപ്പൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ഇവര്‍ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി സ്വയംഭൂ ശിവക്ഷേത്രത്തില്‍ നിന്ന് പൂജാപാത്രങ്ങളും വിളക്കുകളും, തൃശൂര്‍ പുന്നയൂര്‍കുളം പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹത്തിലുണ്ടായിരുന്ന സ്വര്‍ണത്താലി, തൃശൂര്‍ വടക്കെകാട് വൈലത്തൂര്‍ സെന്‍റ് സിറിയക് ചര്‍ച്ചിലെ ഭണ്ഡാരം എന്നിവയും ഇവര്‍ കവര്‍ന്നതായി പൊലീസ് പറയുന്നു.
തിരൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡി വൈ എസ് പി അറിയിച്ചു.