ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനും ധനമന്ത്രി കെ എം മാണിക്കും തിരിച്ചടി. കേസില്‍ പ്രോസിക്യൂഷന്‍റെ വാദം വിജിലന്‍സ് കോടതി തള്ളി. മാണിയെ കുറ്റവിമുക്തനാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണോദ്യോഗസ്ഥന് നല്‍കിയതെന്ന് കോടതി അഭിപ്രായപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ക്കും അന്വേഷണോദ്യോഗസ്ഥനും കേസില്‍ തുല്യ അധികാരമില്ല. അന്വേഷണോദ്യോഗസ്ഥനാണ് കേസിന്‍റെ കാര്യത്തില്‍ മുഴുവന്‍ ചുമതലയുമുള്ളത്. ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണ് ശാസ്ത്രീയമായി ലഭിച്ച തെളിവുകളെന്നും കോടതി അഭിപ്രായപ്പെട്ടു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് കോടതി ചെയ്തത്. ഡയറക്ടര്‍ ഈ കേസില്‍ അഭിപ്രായം പറയുകയല്ല, നേരിട്ടിടപെടുകയും മാണിയെ കുറ്റവിമുക്തനാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുമാണ് ചെയ്തതെന്ന് കോടതി പറഞ്ഞു. കേസില്‍ നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും നേരത്തേ കോടതി പറഞ്ഞിരുന്നു.
കോടതിനടപടികള്‍ ആരംഭിച്ചതോടെ ഒന്നൊതുങ്ങിയിരുന്ന ബാര്‍ കോഴക്കേസ് ഇതോടെ വീണ്ടും സജീവമാകുകയാണ്. സര്‍ക്കാരിനും യു ഡി എഫിനും കോടതിയുടെ ഈ പരാമര്‍ശം കനത്ത തിരിച്ചടിയാണ്. കേസ് അട്ടിമറിച്ചതായുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് കോടതിയുടെ ഈ അഭിപ്രായങ്ങള്‍ ആക്കം പകരുമെന്നതില്‍ സംശയമില്ല.
ബാര്‍ കോഴക്കേസില്‍ വാദം വ്യാഴാഴ്ചയും തുടരും. വരുന്ന ആഴ്ചയില്‍ തന്നെ കോടതി വിധി പറയുമെന്നാണ് ലഭിക്കുന്ന സൂചന.