ബസ് സമരം പിന്‍‌വലിച്ചു; ദിവസ വേതനത്തില്‍ 60 രൂപ കൂട്ടി നല്‍കും

Webdunia
ചൊവ്വ, 8 ജനുവരി 2013 (15:00 IST)
PRO
PRO
സംസ്ഥാനത്തെ സ്വകാര്യ ബസ്‌ സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും തൊഴില്‍ മന്ത്രി ഷിബു ബേബിജോണും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ബസ്‌ ഉടമകളുടെ നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തി.

തൊഴിലാളികളുടെ ദിവസ വേതനത്തില്‍ 60 രൂപ വര്‍ദ്ധിപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വേതനം തുടരാനും ധാരണയായിട്ടുണ്ട്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചിരുന്നത്.

നിലവിലുള്ള ശമ്പളത്തില്‍ 50 ശതമാനം വര്‍ധനവ്‌ നടപ്പാക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞമാസം 19 നും 27 നും തൊഴില്‍ മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട്‌ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ്‌ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌ നീങ്ങിയത്‌.