പ്രസ്താവന വളച്ചൊടിച്ചു - വി.എസ്.

KBJWD
മതപഠനം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കരുതെന്ന പ്രസ്താവന ഏതെങ്കിലും മതവിശ്വാസത്തെ ഉദ്ദേശിച്ചല്ല നടത്തിയതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തീവ്രവാദബന്ധത്തിന് പിടിയിലായവരും കശ്മീരില്‍ മരിച്ചവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതപഠനം നടത്തുന്നത് രാജ്യത്തിന്‍റെ മതനിരപേക്ഷ വളര്‍ത്താനുതകുന്നത് അല്ലെങ്കില്‍ അത് ഗുണം ചെയ്യില്ല. ഇത് എല്ലാവര്‍ക്കും ബാധകമാണ്. ഈ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം താന്‍ ചേര്‍ത്തലയില്‍ നടത്തിയത്. ഇത് ഏതെങ്കിലും മതവിശ്വാസത്തെ ലക്‍ഷ്യവച്ചാണെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന തെറ്റിദ്ധാരണ മൂ‍ലം ഉണ്ടായത്.

മതപഠനം തീവ്രവാദം വളര്‍ത്തുന്നുവെന്ന്‌ പറഞ്ഞത് മുസ്ലീം സമുദായത്തെ ഉദ്ദേശിച്ചാണെന്ന് ആരോപിച്ച് ചിലര്‍ വളച്ചൊടിക്കുകയാണ്‌. എല്ലാ മതങ്ങളെയും ഉദ്ദേശിച്ചാണ് താനിതു പറഞ്ഞത്. തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നടത്തിയ പ്രസ്താവനയുടെ വിവേകമെങ്കിലും ഈ നേതാക്കള്‍ കാണിക്കണം.

അതിബഹളം കൂട്ടുന്നത്‌ സംശയത്തിന്‌ ഇടയാക്കും. തീവ്രവാദ പ്രവര്‍ത്തനം നേരിടുന്നതിന്‌ ശക്‌തമായ നടപടി സ്വീകരിച്ചിട്ടുണ്ട്‌. കുറച്ചുപേരെ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. ഡി.ഐ.ജി വിനോദ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഇവരുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്‌തുവരികയാണ്‌. കൊല്ലപ്പെട്ടവരെല്ലാം ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരാണ്‌.

തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ എത്രപേര്‍ ഇതുവരെ അറസ്റ്റിലായി എന്ന കാര്യം വെളിപ്പെടുത്തുന്നത് ഗുണകരമാവില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യയ്ക്കും എതിരെ താന്‍ നടത്തിയ പരാമര്‍ശം വിവാദമായതിനാല്‍ ഇതിന്‍റെ നിജസ്ഥിതി അദ്ദേഹത്തെ വിളിച്ച് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസത്തിന്‍റെ പേരില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യയും തിരുപ്പതിയില്‍ പോയി തലമുണ്ഡനം ചെയ്തതിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായാണ് അദ്ദേഹം മനസിലാക്കിയത്. ഈ തെറ്റിദ്ധാരണ നീക്കാന്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചു. എസ്.എന്‍.ഡി.പി യോഗം നടത്തുന്ന മൈക്രോ ഫിനാന്‍സിന്‍റെ പേരില്‍ ചില ശാഖകളില്‍ നിക്ഷേപിച്ച പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് താന്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടത് - മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ പോലെ തന്നെ എന്‍.ഡി.എഫും ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉണ്ട്. ഓരോരുത്തര്‍ക്കും കിട്ടുന്ന വിവരങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരിക്കാം പിണറായി വിജയനും എന്‍.ഡി.എഫിനെതിരെ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് ലേഖകന്‍ തനിക്ക് തന്ന വാഗദാനം പാലിച്ചിട്ടില്ലെന്നും വി.എസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക