പ്രതിപക്ഷം ഇന്നും ഇറങ്ങിപ്പോയി

Webdunia
ബുധന്‍, 15 ജൂലൈ 2009 (10:18 IST)
സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എം എല്‍ എ ആണ് നോട്ടീസ് നല്‍കിയത്.
ഫീസ് വര്‍ധന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് ഇപ്പോഴത്തെ ഫീസ് വര്‍ധനയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫീസ് വര്‍ധന പിന്‍‌വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആരോപണം വിദ്യാഭ്യാസ മന്ത്രി എം എ ബേബി നിഷേധിച്ചു. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ നടത്തിക്കൊണ്ട് പോകണ്ടേ എന്നും മന്ത്രി ചോദിച്ചു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണം വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

ഈ നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം ഒരു ദിവസം പോലും പ്രതിപക്ഷം മുഴുവന്‍ സമയം നിയമസഭയില്‍ ഇരുന്നിട്ടില്ല. ഇന്നലെയും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അമ്പലപ്പുഴയില്‍ വി എസ് അനുകൂല പ്രകടനത്തിന് നേരെയുണ്ടായ അക്രമ സംഭവങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.