പ്രണയത്തിന്റെ മറവില്‍ മതം മാറ്റം: റിപ്പോര്‍ട്ട് ശരിയെന്ന് വെള്ളാപ്പള്ളി

Webdunia
ബുധന്‍, 20 ജൂണ്‍ 2012 (09:19 IST)
PRO
PRO
പ്രണയത്തിന്റെ മറവില്‍ ആസൂത്രിതമായി മതംമാറ്റി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. ഇതിനെതിരെ എസ്‌എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

നെയ്യാറ്റിന്‍‌കരയില്‍ ഇടത്‌, വലത്‌ മുന്നണികള്‍ക്കുണ്ടായ തിരിച്ചടി ബിജെപി അനുകൂല രാഷ്ട്രീയമാറ്റത്തിനു വഴിയൊരുക്കുമെന്നു കരുതുന്നില്ല. മൂന്നുകൂട്ടര്‍ക്കും ജയം അവകാശപ്പെടാമെങ്കിലും യുഡിഎഫിന്റെ വിജയത്തിനു തിളക്കം കുറഞ്ഞുപോയെന്നതാണു വാസ്‌തവം. യുഡിഎഫിന്റേതു സാങ്കേതിക വിജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ വികസനത്തിന്റെ ആവശ്യം ഇനി ഇല്ല. നിലവില്‍ നാടാര്‍ സമുദായത്തിനു ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയിട്ടുണ്ട്‌. അതേ സമുദായത്തിലെ ശെല്‍വരാജ്‌ എംഎല്‍എയുമായി. മന്ത്രിസ്ഥാനം കൂടി നല്‍കുന്നതു ശരിയാണെന്നു തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ്‌ ആണു ഭരിക്കുന്നതെങ്കില്‍ സാമുദായിക സംഘടനകള്‍ ഇതുപോലെ സമ്മര്‍ദം ചെലുത്താറില്ല. എസ്‌എന്‍ഡിപി യോഗം അവകാശവാദത്തിനില്ല. യോഗത്തിന്‌ അവിടെ കുറച്ചുവോട്ടേയുള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.