പെട്രോളിന് 30 രൂപ കുറയ്ക്കാവുന്ന സാഹചര്യമെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2015 (15:47 IST)
നിലവിലുള്ള വിലയേക്കാള്‍ 30 രൂപയെങ്കിലും പെട്രോളിന് കുറയ്ക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പി കെ ഷൈബിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്തെ അപേക്ഷിച്ച് അസംസ്‌കൃത എണ്ണയുടെ വില മൂന്നില്‍ ഒന്നായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പെട്രോളിന് നിലവിലുള്ള വിലയില്‍ നിന്ന് 30 രൂപയും ഡീസലിന് 22 രൂപയും കുറയ്ക്കാന്‍ സാധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ജനങ്ങളുടെ കണ്ണില്‍ യു പി എ സര്‍ക്കാര്‍ എണ്ണവില വര്‍ദ്ധിപ്പിച്ചവരും മോഡി സര്‍ക്കാര്‍ എണ്ണവില കുറച്ചവരുമാണ്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കൂടിയപ്പോള്‍ മറ്റ് വഴികളൊന്നും ഇല്ലാത്തതിനാലാണ് യു പി എ സര്‍ക്കാര്‍ എണ്ണവില കൂട്ടാന്‍ നിര്‍ബന്ധിതയാരതെന്നും അദ്ദേഹം പറഞ്ഞു.
 
കോണ്‍ഗ്രസ് എം പിമാരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മോഡി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്നുതവണ കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.