പൂജാരി ആയിക്കോളൂ, പക്ഷേ പശു ഇറച്ചി കഴിക്കരുത്: കേരളത്തിലെ ദളിത് പൂജാരിമാർക്ക് മുന്നറിയിപ്പുമായി വി എച്ച് പി

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (12:14 IST)
കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി എത്തുന്ന ദളിതർ പശു ഇറച്ചി കഴിക്കാൻ പാടില്ലെന്ന മുന്നറിയിപ്പുമായി വിശ്വഹിന്ദു പരിഷത്ത്. പൂജാരിമാരായി നിയമിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും വി.എച്ച്.പി ജോയന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചു.
 
പശു ഇറച്ചി കഴിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്. അതെല്ലാം സംസ്ഥാനങ്ങളുടെ പാരമ്പര്യമാണ് അല്ലാതെ ക്ഷേത്രങ്ങളുടേതല്ല. ക്ഷേത്രങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ അവിടുത്തെ പാരമ്പര്യവും സംസ്കാരവും പഠിച്ച് പാലിക്കണമെന്നും ഇല്ലെങ്കിൽ അതിന്റെ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ദളിതായത് കൊണ്ട് ഇറച്ചി കഴിക്കണമെന്നില്ലെന്നും നിരവധി ദളിതര്‍ ‘ഗോസംരക്ഷണ’ത്തിന്റെ ഭാഗമാണെന്നും വി.എച്ച്.പിനേതാവ് പറയുന്നു. ഒരാളുടെ ജനനവും പൂജാരിയായി നിയമിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും ചരിത്രം പരിശോധിച്ചാല്‍ വാല്‍മീകിയും രവിദാസും വൈശ്യരും പൂജാരികളായിരുന്നതായി കാണാനാകുമെന്നും ജെയിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article