പിള്ള നേരിട്ട്, ഗണേഷ് ഫോണില്‍; തര്‍ക്കം പെരുവഴിയില്‍!

വെള്ളി, 14 സെപ്‌റ്റംബര്‍ 2012 (20:07 IST)
PRO
PRO
കൊട്ടരക്കരയില്‍ മന്ത്രി ഗണേഷ് കുമാറിന് സ്വീകരണം നല്‍കാന്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഏറെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യോഗത്തില്‍ താന്‍ പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങുമെന്ന് ഗണേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങ് നടന്ന കോട്ടപ്പുറം നിസ ഓഡിറ്റോറിയത്തില്‍ അദ്ദേഹംഎത്തിയില്ല. ഗണേഷ് എത്തുന്നതിന് മുന്‍പ് അച്ഛന്‍ ബാലകൃഷ്ണ പിള്ളയും അനുയായികളും യോഗസ്ഥലത്ത് എത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

തുടര്‍ന്ന് ഗണേഷ്കുമാര്‍ ഫോണിലൂടെ അനുയായികളെ അഭിസംബോധന ചെയ്തു. സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ താന്‍ യോഗത്തിനെത്താതിരുന്നതെന്നു ഗണേഷ്കുമാര്‍ പറഞ്ഞു. യോഗസ്‌ഥലത്തേയ്‌ക്ക് ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പ്രകടനം നടത്തി പിരിഞ്ഞു പോയതിനു ശേഷമായിരുന്നു മന്ത്രി അനുയായികളെ അഭിസംബോധന ചെയ്‌തത്‌.

യോഗത്തില്‍ പിള്ളയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇരച്ച് കയറിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പൊലീസ് വലയം ഭേദിച്ചാണ് പിള്ളയും അനുകൂലികളും യോഗസ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്. സ്ഥലത്ത് ഗണേഷ്കുമാറിന്റെയും പിള്ളയുടെയും അനുകൂലികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. കുറച്ച് നേരം സംഘര്‍ഷാവസ്ഥ നിലനിന്നെങ്കിലും പെട്ടെന്ന് സംഘര്‍ഷത്തില്‍ അയവ് വരികയായിരുന്നു. തുടര്‍ന്ന് പിള്ളയും സംഘവും തിരിച്ച് പോയി. യോഗത്തില്‍ പങ്കെടുത്തവരാരും കേരളാ കോണ്‍ഗ്രസുകാരല്ലെന്ന് പിള്ള വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ഗണേഷിന്റെ ഫോണിലൂടെയുള്ള പ്രസംഗം.

വെബ്ദുനിയ വായിക്കുക