പിള്ളയുടെ വകുപ്പ്‌: നാളെ തീരുമാനമെന്ന് പിസി തോമസ്

Webdunia
ബുധന്‍, 28 ജൂലൈ 2010 (14:48 IST)
PRO
വി സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പും സത്യപ്രതിജ്ഞാ തീയ്യതിയും സംബന്ധിച്ച്‌ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പിസി തോമസ്. മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പി സി.

കേരള കോണ്‍ഗ്രസ് നേതാക്കളായ സുരേന്ദ്രന്‍ പിള്ളയ്ക്കും ജോര്‍ജ്ജ്‌ സെബാസ്റ്റിയനുമൊപ്പമാണ്‌ തോമസ്‌ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്‌. ഓഗസ്റ്റ്‌ നാലിന്‌ മുന്‍പ്‌ സത്യപ്രതിജ്ഞ നടക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ സുരേന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യപ്രതിജ്ഞയുടെ കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

ഗവര്‍ണറുടെ കൂടി സൗകര്യം കണക്കിലെടുത്ത്‌ ഏറ്റവുമടുത്ത തീയതി തന്നെ നിശ്ചയിക്കാമെന്നാണ്‌ വി.എസ്‌. അറിയിച്ചത്‌. തന്റെ വകുപ്പ്‌ സംബന്ധിച്ച്‌ യാതൊരു നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ പോവുകയാണെന്നത്‌ താന്‍ കണക്കുകൂട്ടുന്നില്ലെന്നും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുറഞ്ഞ സമയത്തിനുളളില്‍ മാറ്റമുണ്ടാക്കാനാകുമെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.